ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വനിതാ ഹോക്കിയില്‍ വെള്ളി. ഫൈനില്‍ ജപ്പാനെതിരെ 1-2 ന് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തി അടയേണ്ടി വരികയായിരുന്നു. ജപ്പാന് വേണ്ടി ഷിനിസു, കവാമുറ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ മറുപടി ഗോള്‍ നേടിയത് നേഹ ഗോയലാണ്. ജപ്പാന്റെ ആധിപത്യത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അടിതെറ്റുകയായിരുന്നു. 20 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒരു മെഡല്‍ നേടുന്നത്.
ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 65 ആയി. ഒരു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി ഇതിലൂടെ. 13 സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. 2010ല്‍ നേടിയ 65 മെഡലുകളാണ് ഇതുവരെ നേടിയതില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നത്.
പതിമൂന്നാം ദിവസമായ ഇന്ന് ഇതുവരെ അഞ്ച് മെഡല്‍ നേടി. ഒരു വെള്ളിയും നാല് വെങ്കലവുമാണ് ഇന്ന് നേടിയത്. വെള്ളിയും രണ്ട് വെങ്കലവും സെയ്ലിങിലാണ്. ബോക്സിങ്ങിലാണ് മറ്റൊരു വെങ്കലം. കണ്ണിനേറ്റ പരുക്കിനെ തുടര്‍ന്ന് പിന്മാറിയ വികാസ് കൃഷ്ണനാണ് വെങ്കലം നേടിയത്. സക്വാഷില് പുരുഷന്മാരും വെങ്കലം നേടി.
വനിതകളുടെ സ്ക്വാഷ് ടീമും ഫൈനലിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ ബോക്സിങ്ങില്‍ അമിത് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്. ആകെ സ്വര്‍ണത്തിന്റെ കാര്യത്തിലും ഇന്ത്യ ചരിത്രത്തിലേക്കാണ് നോട്ടമിട്ടിരിക്കുന്നത്. 2010 ല്‍ ഇന്ത്യ 14 മെഡലുകള്‍ നേടിയിരുന്നു. നിലവില്‍ 13 സ്വര്‍ണം നേടിയ ഇന്ത്യ രണ്ടെണ്ണം കൂടെ നേടിയാല്‍ ചരിത്രം വഴി മാറും.
പുരുഷ ടീം സെമിയില്‍ തോറ്റിടത്താണ് പെണ് പുലികള്‍ സ്ക്വാഷ് ഫൈനലിലേക്ക് കടന്നത്. നിലവിലെ ചാമ്പ്യന്മാരായ മലേഷ്യയെ 2-0 തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. മലയാളികളായ ദീപിക പള്ളിക്കല്‍, സുനന്യ കുരുവിള എന്നിവരും ജോഷ്ന ചിന്നപ്പ, തന്വി ഖന്ന എന്നിവരാണ് ടീമിലുള്ളത്. ശനിയാഴ്ച നടക്കുന്ന മൽസരത്തിൽ ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികള്‍.