ജക്കാര്‍ത്ത: പുരുഷന്മാര്‍ക്ക് പിന്നാലെ കബഡിയില്‍ വനിതകള്‍ക്കും സ്വര്‍ണം നഷ്ടം. ഫൈനലില്‍ ഇറാനോട് തന്നെയാണ് വനിതകള്‍ക്കും കാലിടറിയത്. ഇതോടെ ഇന്ത്യയ്ക്ക് കബഡയില്‍ സ്വര്‍ണം നേടാനുള്ള അവസാന അവസരവും നഷ്ടമായി. 24-27 നായിരുന്നു ഇന്ത്യയുടെ തോല്‍വി. തുടക്കത്തില്‍ നേടിയ ലീഡ് ഇന്ത്യയ്ക്ക് നഷ്ടമാവുകയായിരുന്നു.

ഇന്തോനേഷ്യയില്‍ നടക്കുന്ന എഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ്ണം നേടാനായിട്ടുണ്ട്.ടെന്നിസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ബോപ്പണ്ണ – ശരണ്‍ സഖ്യം ഇന്ത്യക്ക് സ്വര്‍ണ്ണം സമ്മാനിച്ചപ്പോള്‍ തുഴച്ചിലില്‍ പുരുഷ ടീമിനത്തിലാണ് ഇന്ത്യ രണ്ടാം സ്വര്‍ണ്ണം തുഴഞ്ഞെടുത്തത്. എഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തുഴച്ചിലില്‍ സ്വര്‍ണ്ണം നേടുന്നത്. ലൈറ്റ് വെയ്റ്റ് ഡബിള്‍സിലും സിംഗിള്‍സിലും ഇന്ത്യ വെങ്കലവും നേടി.ഷൂട്ടിങ്ങില്‍ ഹീന സിദ്ധു 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യക്കായി വെങ്കലം നേടി.

സാവന്‍ സിങ്, ദത്തു ഭോക്നല്‍, ഓംപ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വര്‍ണ്ണം സമ്മാനിച്ചത്. രോഹിത് കുമാര്‍, ഭഗവാന്‍ സിങ് സഖ്യം ലൈറ്റ് വെയ്റ്റ് ഡബിള്‍സ് തുഴച്ചിലിലും, ദുഷ്യന്ത് ലൈറ്റ് വെയ്റ്റ് സിംഗിള്‍സിലും വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 24 ആയി ഉയര്‍ന്നു. 6 സ്വര്‍ണ്ണവും, 5 വെള്ളിയും, 13 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യന്‍ മെഡല്‍ സമ്പാദ്യം.

ഗെയിംസില്‍ ഇന്ത്യ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്ന ദിനമാണിന്ന്. ടെന്നീസ് പുരുഷ സിംഗിള്‍സിലും ഇന്ത്യക്കിന്ന് മത്സരമുണ്ട്. സെമിഫൈനലില്‍ പ്രജിനേഷ് ഗുണേശ്വരന്‍ ഇന്ത്യക്കായി കോര്‍ട്ടിലിറങ്ങും. ഷൂട്ടിങ്ങും അമ്പെയിത്തും ഇന്ത്യ മെഡല്‍ പ്രതീക്ഷ വെക്കുന്ന മറ്റിനങ്ങള്‍.

ഇന്ത്യ സ്വര്‍ണ്ണം പ്രതീക്ഷിക്കുന്ന മറ്റൊരിനം ജിംനാസ്റ്റിക്‌സാണ്. കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് ദീപ കര്‍മാക്കറാണ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്കായി മത്സരിക്കുന്നത്. സ്‌ക്വാഷില്‍ ദീപിക പള്ളിക്കലിനും, ജോഷ്‌ന ചിന്നപ്പക്കും ഇന്ന് മത്സരമുണ്ട്.

പുരുഷ ഹോക്കിയില്‍ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും . നേരത്തെ ഇന്തോനേഷ്യയെ 17-0നും ഹോങ്കോങ് ചൈനയെ 26-0നും തോല്‍പ്പിച്ച ആത്മവിശ്വസത്തിലാണ് ഇന്ത്യന്‍ പുരുഷ ടീം ജപ്പാനെ നേരിടാനിറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook