‘അച്ഛന് വേണ്ടി നേടിയ മെഡലുമായി മടങ്ങിയെത്തിയപ്പോള്‍ കാണാന്‍ അദ്ദേഹമില്ല’; കണ്ണീരോടെ തേജീന്ദര്‍

നാട്ടിലെത്തിയ തേജീന്ദറിനെ എയര്‍പോര്‍ട്ടില്‍ വച്ച് സ്വീകരിച്ചത് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ്. സ്വന്തം പിതാവിന്റെ മരണ വാര്‍ത്ത

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നാടിന്റെ അഭിമാനമായി മാറിയ ഓരോ താരങ്ങളും മടങ്ങിയെത്തുമ്പോള്‍ തന്റെ നാടും വീടും നല്‍കുന്ന സ്വീകരണത്തെ കുറിച്ചു ഒരുപാട് സ്വപ്‌നം കാണ്ടിട്ടുണ്ടാകും. പ്രിയപ്പെട്ടവര്‍ക്ക് ജയ് വിളിക്കുന്ന ജനങ്ങളുടെ നടുവില്‍ സ്വന്തം അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത് അവര്‍ മനസില്‍ കണ്ടിട്ടുണ്ടാകും. അതേ സ്വപ്‌നത്തോടെയാകും തേജീന്ദര്‍ പാലും ജക്കാര്‍ത്തയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടാവുക.

എന്നാല്‍ നാട്ടിലെത്തിയ തേജീന്ദറിനെ എയര്‍പോര്‍ട്ടില്‍ വച്ച് സ്വീകരിച്ചത് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ്. സ്വന്തം പിതാവിന്റെ മരണ വാര്‍ത്ത. രണ്ടു വര്‍ഷത്തോളമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു തേജീന്ദറിന്റെ അച്ഛന്‍ കരം സിങ്. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണവുമായി തേജീന്ദര്‍ പഞ്ചാബിലെ മോഗയിലെത്തിയപ്പോഴേക്കും അച്ഛന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

ജക്കാര്‍ത്തയില്‍ 20.75 മീറ്റര്‍ ദൂരം ഷോട്ട് പുട്ട് എറിഞ്ഞ് പുതിയ ഗെയിംസ് റെക്കോർഡും ദേശീയ റെക്കോർഡും തേജീന്ദര്‍ നേടിയിരുന്നു. തന്റെ മെഡല്‍ പിതാവിനെ കാണിക്കുക എന്ന ആഗ്രഹവുമായാണ് താരം മടക്ക യാത്രയ്ക്ക് തയ്യാറെടുത്തത്. അദ്ദേഹമായിരുന്നു തേജീന്ദറിന്റെ കരുത്ത്. ‘കുടുംബവും സുഹൃത്തുക്കളും എനിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് ഈ മെഡല്‍ നേട്ടത്തിലൂടെ അവര്‍ക്കെല്ലാം അര്‍ഹിച്ച സമ്മാനം നല്‍കാനായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.’ മെഡല്‍ സ്വീകരിച്ച ശേഷം താരം പറഞ്ഞത് ഇതായിരുന്നു.

സ്വര്‍ണ മെഡലുമായി തിങ്കളാഴ്ച രാത്രിയാണ് തേജീന്ദര്‍ ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ശേഷം ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടെയാണ് അച്ഛന്‍ മരിച്ച വിവരം തേജീന്ദര്‍ അറിയുന്നത്. തേജീന്ദറിന്റെ പിതാവിന്റെ മരണത്തില്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരുപത്തിമൂന്നുകാരനായ തേജീന്ദര്‍ ഏഷ്യയിലെ ഏറ്റവും മികച്ച റാങ്കുള്ള ഷോട്ട് പുട്ട് താരമാണ്. 2017-ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം വെള്ളി നേടിയിരുന്നു, പക്ഷേ ഗ്ലാസ്ഗോയില്‍ ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Asian games gold medallist tajinderpal singh toors father passes away

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com