ജക്കാർത്ത: ഇന്തോനേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന എഷ്യൻ ഗെയിംസിന്റെ പുരുഷ വിഭാഗം 800 മീറ്ററിൽ ആദ്യ രണ്ട് സ്ഥാനങ്ങളും ഇന്ത്യയ്ക്കായിരുന്നു. ഹരിയാനക്കാരൻ മഞ്ജീത് സിങ് സ്വർണ്ണം നേടിയപ്പോൾ മലയാളി താരം ജിൻസൺ ജോൺസണിനാണ് വെള്ളി. 800 മീറ്ററിൽ ഇന്ത്യ സ്വർണ്ണം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് മഞ്ജീതിൽ നിന്നാകുമെന്ന് കരുതിയില്ല. ജിൻസൺ ജോൺസണിലായിരുന്നു ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ.

തികച്ചും അപ്രതീക്ഷിതമായിരുന്നു മഞ്ജിതിന്റെ നേട്ടം. പക്ഷെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് അനിവാര്യമായിരുന്നു. രണ്ട് വർഷംമുമ്പ് തന്റെ കരിയർ അവസാനിച്ചുവെന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് ഈ ഇരുപത്തെട്ടുകാരന്റെ സ്വർണ്ണനേട്ടം. ആകെയുണ്ടായിരുന്ന ഒഎൻജിസിയിലെ കരാർ ജോലിയും രണ്ട് വർഷം മുമ്പ് നഷ്ടപ്പെട്ട മഞ്ജിത് പക്ഷെ കീഴടങ്ങാൻ തയ്യാറല്ലായിരുന്നു. ജക്കാർത്തയിലെ ട്രാക്കിൽ നിന്ന് പൊന്ന് നേടുന്നത് വരെ അയാൾ പരിശ്രമിച്ചുകൊണ്ടിരുന്നു, അത് നേടിയെടുക്കുകയും ചെയ്തു.

ഹരിയാനയിലെ കാർഷിക കുടുംബത്തിലംഗമായ മഞ്ജിതിന് ഒരു സ്ഥിരം ജോലിയില്ല. പലവട്ടം ജോലിക്കായി സർക്കാരിനെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. എഷ്യൻ ഗെയിംസിലെ സ്വർണ്ണനേട്ടത്തോടെ എങ്കിലും ഈ അവശ്യം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബം. തന്റെ നവജാത കുഞ്ഞിനെപ്പോലും കാണാൻ എത്താതെയായിരുന്നു എഷ്യൻ ഗെയിംസിനായുള്ള അദ്ദേഹത്തിന്റെ ഒരുക്കം. ഭൂട്ടാനിൽ ഇന്ത്യൻ ആർമി പരിശീലകൻ അമ്രിഷ് കുമാറിന് കീഴിലായിരുന്നു മഞ്ജിതിന്റെ പരിശീലനം.

എഷ്യൻ ഗെയിംസിൽ 36 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ 800 മീറ്ററിൽ സ്വർണ്ണം നേടുന്നത്. 1982 ലെ എഷ്യൻ ഗെയിംസിൽ ചാൾസ് ബെറോമിയോയാണ് ഇന്ത്യയ്ക്കായി ഏറ്റവും ഒടുവിൽ ഈ ഇനത്തിൽ മെഡൽ നേടുന്നത്. 2013 ന് ശേഷം ആദ്യമായാണ് മലയാളി താരം ജിൻസണിനെ മഞ്ജിത് പരാജയപ്പെടുത്തുന്നത്. 1500 മീറ്ററിലും മഞ്ജിത് ഇന്ന് മത്സരിക്കുന്നുണ്ട്. മറ്റൊരു സ്വർണ്ണനേട്ടം കൂടി മഞ്ജിതിൽനിന്നും പ്രതീക്ഷിക്കുകയാണ് ഇന്ത്യൻ കായിക ലോകം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook