ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാം എഷ്യൻ ഗെയിംസിന്റെ പത്താം ദിനം മെഡൽ നേട്ടം വർദ്ധിപ്പിക്കാൻ ഇന്ത്യൻ താരങ്ങൾ. ഇന്നലെ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നും ട്രാക്കിലും ഫീൾഡിലും നേട്ടം കൈവരിക്കാൻ ഇന്ത്യൻ കായികതാരങ്ങളിറങ്ങുക. ഏഴ് ഫൈനൽ മത്സരങ്ങളാണ് ഇന്ത്യക്കിന്നുള്ളത്.
ചരിത്രം കുറിക്കാനിറങ്ങുന്ന പി.വി സിന്ധുവിലാണ് ഇന്ത്യൻ പ്രതീക്ഷകളേറെ. ബാഡ്‍മിന്റൻ ഫൈനൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങിനെയാണ് സിന്ധു നേരിടുക. സിന്ധു സ്വർണ്ണം നേടുകയാണെങ്കിൽ ബാഡ്മിന്റണിൽ എഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണനേട്ടമാകും അത്. ലോക റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള തായ് സൂ യിങ് ഫൈനലിൽ സിന്ധുവിന് ശക്തമായ വെല്ലുവിളിയാകുമെന്നുറപ്പാണ്.എങ്കിലും ബാഡ്മിന്റൻ കോർട്ടിൽ നിന്നൊരു സ്വർണ്ണം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
അത്‍ലറ്റിക്സിലാണ് ഇന്ത്യക്കിന്ന് കൂടുതൽ ഫൈനൽ മത്സരങ്ങൾ. വനിത ജാവലിൻ ത്രോയിയിൽ സ്വർണ്ണം എറിഞ്ഞിടാൻ അന്നു റാണി ഇന്ത്യക്കായി മത്സരിക്കുമ്പോൾ വനിതകളുടെ 5000 മീറ്ററിൽ എൽ സൂര്യയും സഞ്ജീവനിയും ട്രാക്കിലിറങ്ങും. പുരുഷ 800 മീറ്റർ ഫൈനലിൽ ജിൻസൺ ജോൺസണും മഞ്ജിത് സിങും മത്സരിക്കും. 4×400 പുരുഷ റിലേ ടീമിനും ഇന്ന് ഫൈനൽ മത്സരമുണ്ട്.
വനിതകളുടെ 200 മീറ്റർ പോരാട്ടത്തിൽ ഇന്ത്യൻ പ്രതീക്ഷകളുമായി മത്സരിക്കുന്നത് ഹിമ ദാസും ദ്യുതി ചന്ദുമാണ്. ഈ എഷ്യൻ ഗെയിംസിൽ ഇതിനോടകം തന്നെ ഓരോ വെള്ളി മെഡലുകൾ വീതം നേടിയ താരങ്ങളാണ് ഇരുവരും. ദ്യുതി 100 മീറ്ററിൽ വെള്ളി കരസ്ഥമാക്കിയപ്പോൾ 400 മീറ്ററിലായിരുന്നു ഹിമയുടെ നേട്ടം.
അമ്പെയ്ത്താണ് സ്വർണ്ണ പ്രതീക്ഷകളോടെ ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്ന മറ്റൊരിനം. പുരുഷ-വനിത ടീമുകൾ ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ കൊറിയയാണ് എതിരാളികൾ. ബോക്സിങ്ങിലും സൈക്ലിങ്ങിലും സക്വാഷ് ടീമിനത്തിലും ഇന്ത്യക്കിന്ന് മത്സരമുണ്ട്.
ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ പുരുഷ ടേബിൾ ടെന്നീസ് ടീമിനും സെമി പോരാട്ടമുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ടേബിൾ ടെന്നീസിൽ ഫൈനലിൽ എത്തുന്നത്. റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന പുരുഷ ഹോക്കി ടീമിന്റെ മത്സരമാകും ശ്രദ്ധേയമായ മറ്റൊരു പോരാട്ടം. ശ്രീലങ്കയാണ് ഹോക്കിയിൽ ഇന്ത്യൻ എതിരാളികൾ.
ഒരു സ്വർണ്ണവും മൂന്ന് വെള്ളിയുമടക്കം നാല് മെഡലുകളാണ് ഇന്നലെ ഇന്ത്യൻ അക്കൗണ്ടിലെത്തിയത്. ജാവലിൻ ത്രോയിൽ തന്റെ പേരിലെ തന്നെ ദേശീയ റെക്കോർഡ് തിരുത്തിയായിരുന്നു നീരജ് ചോപ്രയുടെ സ്വർണ്ണനേട്ടം. ദേശീയ റെക്കോർഡ് തിരുത്തി തന്നെയായിരുന്നു 400 മീറ്റർ ഹർഡിൽസിൽ ധാരൂൺ അയ്യാസാമിയുടെ വെള്ളിമെഡൽ നേട്ടവും. ലോങ്ജംപിൽ മലയാളി താരം നീന വരകിലും വനിതകളുടെ 3000 മീറ്ററിൽ സുധാ സിങും ഇന്ത്യക്ക് വെള്ളിമെഡൽ സമ്മാനിച്ചു. എട്ട് സ്വർണ്ണവും 13 വെള്ളിയും 20 വെങ്കലവുമുള്ള ഇന്ത്യ ഗെയിംസിൽ ഒമ്പതാം സ്ഥാനത്താണ്.