PV Sindhu vs Tai Tzu Ying Badminton Final Match: ജക്കാർത്ത: എഷ്യൻ ഗെയിംസ് ബാഡ്‍മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് വെള്ളി. ഫൈനൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. ഇന്ത്യയുടെ തന്നെ സൈന നെഹ‍്‍വളിനാണ് വെങ്കലം.

എഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത വെള്ളിമെഡൽ നേട്ടമാണിത്. ലോക റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള തായ് സൂ യിങ് ഫൈനലിൽ സിന്ധുവിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. പൊരുതി നോക്കിയെങ്കിലും സിന്ധുവിന്റെ നേട്ടം വെള്ളിയിൽ ഒതുങ്ങി.

ആദ്യ സെറ്റ് 21-13 ന് നഷ്ടപ്പെടുത്തിയ സിന്ധു രണ്ടാം സെറ്റിൽ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും തായ് സൂ യിങിന്റെ ഓൾറൌണ്ട് പ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. രണ്ടാം സെറ്റ് 21-16 ൽ അവസാനിച്ചതോടെ തായ് സൂ യിങിന് സ്വർണ്ണം.

സെമിഫൈനലിൽ ജപ്പാന്റെ അകനെ യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. സെമിയിൽ ഇന്ത്യയുടെ തന്നെ സൈന നെഹ‍്‍വളിനെ പരാജയപ്പെടുത്തിയാണ് തായ് സൂ യിങ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്.

1982 എഷ്യൻ ഗെയിംസിൽ സെയ്ദ് മോദി വെങ്കലം നേടിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ വ്യക്തിഗത വിഭാഗത്തിൽ എഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽ മെഡൽ നേടുന്നത്. സ്വർണ്ണം നഷ്ടമായെങ്കിലും സിന്ധുവിന്റെ വെള്ളിയും, സൈനയുടെ വെങ്കലവും ഇന്ത്യക്ക് ഇരട്ടിമധുരം പകരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ