/indian-express-malayalam/media/media_files/uploads/2023/09/Indian-Football-Team.jpg)
Photo: X/Indian Football Team
ഏഷ്യന്‍ ഗെയിംസിനുള്ള ദേശീയ ഫുട്ബോള്‍ ടീമിലേക്ക് തിരഞ്ഞെടുത്ത താരങ്ങളെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്).
ഏറ്റവും കൂടുതല്‍ താരങ്ങള്‍ കളിക്കുന്നത് ബെംഗളൂരു എഫ് സിയിലാണ്, ആറ് പേര്‍. മുംബൈ സിറ്റിയില്‍ മൂന്ന് പേരും എഫ് സി ഗോവ, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബെംഗാള്‍, ഒഡിഷ എഫ് സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബ്ബുകളില്‍ രണ്ട് വീതം താരങ്ങളുമാണുള്ളത്.
പഞ്ചാബ് എഫ് സി, ചെന്നൈയിന്‍ എഫ് സി, ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ദേശീയ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
സെപ്തംബര്‍ 21-നാണ് ഐഎസ്എല്ലിന് തുടക്കമാകുന്നത്. ഏഷ്യന്‍ ഗെയിംസ് 23-നും.
"ഫിഫ വിന്‍ഡോയുടെ പുറത്താണ് ഏഷ്യന്‍ ഗെയിംസെന്ന് ഞാന്‍ മനസിലാക്കുന്നു. കളിക്കാരെ വിട്ട് നല്‍കാന്‍ ക്ലബ്ബുകള്‍ ബാധ്യസ്ഥരുമല്ല," എഐഎഫ്എഫ് സെക്രട്ടറി ജെനറല്‍ ഷാജി പ്രഭാകരന്‍ ഐഎസ്എല്‍ ക്ലബ്ബുകള്‍ക്കെഴുതിയ കത്തില്‍ പറയുന്നു.
എന്നാല്‍ രാജ്യത്തിനോട് നമുക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. ഇന്ത്യക്കാരെന്ന നിലയില്‍ രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്യാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ദേശീയ താല്‍പ്പര്യം പരിഗണിച്ച് താരങ്ങളെ വിട്ട് നല്‍കാന്‍ തയാറാകണം, കത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ ടീമിന്റെ സമ്പൂര്‍ണ ശക്തിയോടെ കളത്തിലിറക്കാന്‍ താരങ്ങളെ നിങ്ങള്‍ വിട്ടുനല്‍കുമെന്നും രാജ്യത്തിനൊപ്പം നില്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരം ഒരു നടപടി സ്വീകരിച്ചാല്‍ രാജ്യം നിങ്ങളെ വാഴ്ത്തും.
നിങ്ങളുടെ തീരുമാനം ഈ മനോഹരമായ കളിയെ അടുത്ത ലെവലിലേക്ക് എത്തിക്കും. ഇന്ത്യൻ ഫുട്‌ബോളിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിങ്ങളുടെ സഹകരണവും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീം
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു (ബെംഗളൂരു), ഗുർമീത് സിംഗ് (ഹൈദരാബാദ്), ധീരജ് സിംഗ് മൊയ്‌റംഗ്‌തെം (എഫ്‌സി ഗോവ).
ഡിഫൻഡർമാർ: അൻവർ അലി, ആശിഷ് റായ് (മോഹൻ ബഗാൻ), സന്ദേശ് ജിംഗൻ (എഫ്‌സി ഗോവ), നരേന്ദർ ഗഹ്‌ലോട്ട് (ഒഡീഷ എഫ്‌സി), ലാൽചുങ്‌നുംഗ (ഈസ്റ്റ് ബംഗാൾ), ആകാശ് മിശ്ര (മുംബൈ സിറ്റി), റോഷൻ സിംഗ് (ബെംഗളൂരു എഫ്‌സി).
മിഡ്ഫീൽഡർമാർ: രാഹുൽ കെ.പി., ജീക്‌സൺ സിംഗ് (ഇരുവരും കേരള ബ്ലാസ്റ്റേഴ്‌സ്), സുരേഷ് സിംഗ് വാങ്ജാം (ബെംഗളൂരു), അപുയ റാൾട്ടെ (മുംബൈ സിറ്റി), അമർജിത് സിംഗ് കിയാം (പഞ്ചാബ്), നൗറെം മഹേഷ് സിംഗ് (ഈസ്റ്റ് ബംഗാൾ).
ഫോർവേഡുകൾ: സുനിൽ ഛേത്രി, രോഹിത് ദാനു, ശിവ ശക്തി നാരായണൻ (എല്ലാവരും ബെംഗളൂരു), റഹീം അലി (ചെന്നൈയിൻ), അനികേത് ജാദവ് (ഒഡീഷ), വിക്രം പർതാപ് സിംഗ് (മുംബൈ).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.