ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്. ഇതുവരെ മെഡല്‍ കാണാന്‍ പോലും സാധിക്കാതിരുന്ന പല ഇനങ്ങളിലും ഇന്ത്യയ്ക്ക് മുന്നില്‍ ചരിത്രം വഴി മാറുകയാണ്. ഹെപ്റ്റാത്തലോണിലും ഇന്ത്യ ചരിത്രം കുറിച്ചു. സ്വപ്‌നാ ബര്‍മ്മനിലൂടെ ഈ ഇനത്തിലെ ആദ്യ സ്വര്‍ണം നേടിയിരിക്കുകയാണ് ഇന്ത്യ.
ചരിത്ര നേട്ടത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ സ്വപ്‌ന പറഞ്ഞ വാക്കുകള്‍ പക്ഷെ ആരേയും വേദനിപ്പിക്കുന്നതായിരുന്നു. ”എന്റെ പന്ത്രണ്ട് വിരലുകള്‍ക്ക് പറ്റിയ ഷൂ വേണം. ദയവായി സഹായിക്കണം” എന്നായിരുന്നു അവളുടെ വാക്കുകള്‍. കാലില്‍ ആറു വിരലുകള്‍ വീതമുള്ളതിനാല്‍ സാധാരണ താരങ്ങള്‍ ഉപയോഗിക്കുന്ന ഷൂ സ്വപ്‌നയ്ക്ക് ഉപയോഗിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. വേദനിക്കുന്ന കാലുമായിരുന്നു പലപ്പോഴും അവള്‍ രാജ്യത്തിന് വേണ്ടി മൈതാനത്തിറങ്ങിയത്.
സ്വര്‍ണം നേടിയതോടെ സ്വപ്‌നയുടെ വേദനയും കായിക ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിയിരിക്കുകയാണ്. രാജ്യത്തിന് അഭിമാനമായ താരത്തിന്റെ വേദന ഇല്ലാതാക്കാന്‍ പ്രത്യേകം ഷൂ തയ്യാറാക്കി നല്‍കാമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. ഇതിനായി ഫുട്‌വെയര്‍ രംഗത്തെ ഭീമന്മാരായ നൈക്കുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
Read More;വേദനകള്‍ മറി കടന്ന് മകള്‍ സ്വര്‍ണത്തിലേക്ക്; വാവിട്ട് കരഞ്ഞ് ഒരമ്മ
സ്വപ്‌ന അനുഭവിക്കുന്ന കഷ്ടത അറിഞ്ഞതും ഐസിഎഫിന്റെ ജനറല്‍ മാനേജര്‍ എസ്.മണി നൈക്കുമായി ബന്ധപ്പെടുകയും എത്രയും പെട്ടെന്ന് സ്വപ്‌ന്ക്ക് അനുയോജ്യമായ ഷൂ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ നൈക്ക് സ്വപ്‌നയുടെ കാലിന്റെ അളവ് അറിയാനായി എഎഫ്‌ഐയുമായും ജക്കാര്‍ത്തയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണ്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഏഴ് ഇനങ്ങള്‍ ചേര്‍ന്നതാണ് ഹെപ്റ്റാത്തലോണ്‍. അതുകൊണ്ട് തന്നെ ഏഴ് തരത്തിലുള്ള ഷൂസുകള്‍ ആവശ്യമായിവരും. താരത്തിന് വേണ്ട തരത്തിലുളള ഷൂസുകള്‍ ഉടന്‍ തന്നെ എത്തിക്കുമെന്ന് ഐസിഎഫ് ഉറപ്പ് നല്‍കുന്നു. ഇന്ത്യ റെയില്‍വേസിന്റെ കീഴിലുള്ള സ്ഥാപനമാണ് ഐസിഎഫ്. ബംഗാള്‍ സ്വദേശിയായ സ്വപ്‌ന റെയില്‍വേസിന്റെ ഭാഗമല്ലെങ്കിലും രാജ്യത്തിന്റെ അഭിമാനമായ താരത്തിന് വേണ്ടി തങ്ങളാല്‍ കഴിയുന്ന സേവനമെന്ന നിലയിലാണ് ഐസിഎഫ് ഇങ്ങനൊരു നീക്കത്തിന് തയ്യാറായത്.