ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം ദക്ഷിണകൊറിയക്ക്. സ്വര്‍ണനേട്ടത്തോടെ കൊറിയയുടെ സൂപ്പര്‍ താരം സണ്‍ ഹ്യുന്‍ മിന്നിന് രണ്ടുവര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം ഒഴിവായിക്കിട്ടി. അധികസമയത്തേക്ക് നീണ്ട മല്‍സരത്തില്‍ കരുത്തരായ ജപ്പാനെ 2-1നാണ് കൊറിയ കീഴടക്കിയത്. 2014 എഷ്യന്‍ ഗെയിംസില്‍ ദക്ഷിണ കൊറിയ സ്വര്‍ണ്ണം നേടിയിരുന്നെങ്കിലും അന്ന് സണ്‍ കളിച്ചിരുന്നില്ല.
വിജയ ഗോളിന് വഴിയൊരുക്കിയ സണ്‍ ഹ്യുന്‍ മിന്നിന് ഇത് കരിയറും ജീവിതവും തിരിച്ചുതന്ന നിമിഷമാണ് . ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനായി ഗോളടിച്ചുകൂട്ടുന്ന സണ്‍ കൊറിയന്‍ ജേഴ്സിയില്‍ ഇറങ്ങിയപ്പോഴെല്ലാം നിരാശപ്പെടുത്തുകയായിരുന്നു. ഇതോടെ കൊറിയന്‍ നിയമമനുസരിച്ചുള്ള നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്ന് സണ്ണിനെ ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടാനായില്ലങ്കില്‍ സണ്‍ ഫുട്ബോള്‍ ഉപേക്ഷിച്ചു പട്ടാളത്തില്‍ ചേരേണ്ടിവരും എന്ന അന്ത്യശാസനം കൊടുത്തു കൊറിയന്‍ സര്‍ക്കാര്‍ . ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാമതായി മുന്നേറിയ കൊറിയ സണ്ണിന്റെ മികവില്‍ ഇറാനെയും ഉസ്ബക്കിസ്ഥാനെയും വിയറ്റ്നാമിനെയും ജപ്പാനെയും മറികടന്ന് പൊന്നണിഞ്ഞു. ദക്ഷിണകൊറിയന്‍ നിയമമനുസിരിച്ച് ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്സിലും സ്വര്‍ണം നേടിയാല്‍ നിര്‍ബന്ധിത സൈനകിസേവനത്തില് ഇളവ് ലഭിക്കും.
ലോകകപ്പിലെ മറക്കാനാവത്ത കാഴ്ചകളിലൊന്നായിരുന്നു മൈതാനത്ത് പൊട്ടിക്കരയുന്ന ദക്ഷിണകൊറിയന്‍ താരം ഹ്യൂങ് മിന് സണ്ണിന്റേത്. മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സണ്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. ഫുട്ബോള്‍ ഉപേക്ഷിച്ച് സൈന്യത്തില്‍ ചേരേണ്ടി വരുന്നതിനെ ഓര്‍ത്തായിരുന്നു സണ്‍ പൊട്ടിക്കരഞ്ഞത്. ഇതോടെ താരത്തിന് ഒരവസരം കൂടി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്ട്ടന് താരമായ സണ്ണിനെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ ക്ലബും അനുമതി നല്കി.
നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് ഇളവ് നേടുന്നതോടൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി ദക്ഷിണ കൊറിയന്‍ ടീം സ്വന്തമാക്കി. എഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണ്ണ മെഡല്‍ നേടുന്ന രാജ്യം എന്ന നേട്ടം. നാല് തവണയാണ് കൊറിയ എഷ്യന്‍ ഗെയിംസില്‍ ഇതിന് മുമ്പ് സ്വര്‍ണ്ണം നേടിയിട്ടുള്ളത്. 1970, 1978, 1986, 2014 വര്‍ഷങ്ങളിലാണ് കൊറിയ എഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത്. നാല് തന്നെ സ്വര്‍ണ്ണം നേടിയ ഇറാനെയാണ് ഇതോടെ പിന്തള്ളിയത്.