ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ സ്ക്വാഷ് ടീമിന് വെള്ളി മെഡല്‍. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കല്‍, സുനൈന കുരുവിള, താന്‍വി ഖന്ന എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ ഹോങ്കോങ്ങിനോട് 0-2നാണ് ഇന്ത്യ പരാജയപ്പെട്ടത്.
പുരുഷന്മാരുടെ ബോക്‌സിങ്ങില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പംഘലിന് സ്വര്‍ണം. ഒളിമ്പിക് ചാമ്പ്യനായ ഹസന്‍ബോയി ദുസ്മാതോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്. ഉസ്ബക്കിസ്ഥാന്‍ താരത്തിന് ഇതോടെ വെള്ളിയില്‍ തൃപ്തനാകേണ്ടി വന്നു.
ഒളിമ്പിക് ചാമ്പ്യന്റെ കരുത്തിനെ അസാമാന്യ മികവോടെ 22 കാരനായ അമിത് മറികടക്കുകയായിരുന്നു. ഇതിന് പിന്നാലെ ബ്രിജ് ടീം ഇനത്തിലും പുരുഷന്മാര്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി. ബ്രിജില്‍ രണ്ടാമത്തെ പുരുഷ ടീം വെങ്കലവും നേടി. ഇതോടെ ഇന്നത്തെ മെഡല്‍ നേട്ടം നാലായി.
15 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 69 മെഡലുകളായി ആകെ സമ്പാദ്യം. 2010 ലെ റെക്കോര്‍ഡ് ജക്കാര്‍ത്തയില്‍ തിരുത്തപ്പെട്ടിരിക്കുകയാണ്. അന്ന് നേടിയ 14 സ്വര്‍ണത്തിന്റെ റെക്കോര്‍ഡും ഇന്ത്യ മറികടന്നു.