ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാം എഷ്യൻ ഗെയിംസിൽ ഇന്ത്യക്കിന്ന് രണ്ട് വെള്ളി. കുതിരയോട്ടത്തിലാണ് ഇന്ത്യയുടെ രണ്ട് വെള്ളിയും. വ്യക്തിഗത ഇനത്തിൽ ഫൌവാദ് മിശ്രയാണ് ഇന്ത്യക്കായി മെഡൽ സമ്മാനിച്ചത്.26 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഈ ഇനത്തിൽ ഒരു മെഡൽ നേടുന്നത്. ടീമിനത്തിലും ഇന്ത്യക്ക് തന്നെയാണ് വെള്ളി.
എട്ടാം ദിനം മെഡൽ പ്രതീക്ഷയോടെ കൂടുതൽ ഇന്ത്യൻ അതലറ്റുകൾ ട്രാക്കിലിറങ്ങും. 400 മീറ്റർ ഹർഡിൽസിൽ രണ്ട് ഇന്ത്യൻ താരങ്ങളാണ് ഫൈനലിന് യോഗ്യത നേടിയത്. മലയാളിതാരം അനു രാഘവനും ജുവാന മുർമുവും ഫൈനലിൽ ഇന്ത്യക്കായി മത്സരിക്കും.
ഗ്രൂപ്പിനങ്ങളിലാണ് ഇന്ത്യയുടെ മറ്റ് പ്രധാന മത്സരങ്ങൾ. വോളിബോളിലും ഹാൻഡ്ബോളിലും ഇന്ത്യൻ താരങ്ങൾ ഇന്ന് കോർട്ടിലിറങ്ങും. പുരുഷ ഹോക്കിയിലും ഇന്ത്യക്കിന്ന് മത്സരമുണ്ട്. ഓരോ മത്സരങ്ങളിലും ഗോൾമഴ തീർത്ത് മുന്നേറുന്ന ഇന്ത്യൻ പുരുഷ ടീമിന് ഇക്കുറി എതിരാളി കൊറിയയാണ്.