ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന എഷ്യൻ ഗെയിംസിൽ ആറാം ദിനം ഇന്ത്യയ്ക്ക് രണ്ട് സ്വർണ്ണം.ടെന്നിസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ബോപ്പണ്ണ – ശരൺ സഖ്യം ഇന്ത്യക്ക് സ്വർണ്ണം സമ്മാനിച്ചപ്പോൾ തുഴച്ചിലിൽ പുരുഷ ടീമിനത്തിലാണ് ഇന്ത്യ രണ്ടാം സ്വർണ്ണം തുഴഞ്ഞെടുത്തത്. എഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തുഴച്ചിലിൽ സ്വർണ്ണം നേടുന്നത്. ലൈറ്റ് വെയ്റ്റ് ഡബിൾസിലും സിംഗിൾസിലും ഇന്ത്യ വെങ്കലവും നേടി.ഷൂട്ടിങ്ങിൽ ഹീന സിദ്ധു 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്കായി വെങ്കലം നേടി.
സാവന്‍ സിങ്, ദത്തു ഭോക്‌നല്‍, ഓംപ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വർണ്ണം സമ്മാനിച്ചത്. രോഹിത് കുമാർ, ഭഗവാൻ സിങ് സഖ്യം ലൈറ്റ് വെയ്റ്റ് ഡബിൾസ് തുഴച്ചിലിലും, ദുഷ്യന്ത് ലൈറ്റ് വെയ്റ്റ് സിംഗിൾസിലും വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡൽനേട്ടം 23 ആയി ഉയർന്നു. 6 സ്വർണ്ണവും, 4 വെള്ളിയും, 13 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യൻ മെഡൽ സമ്പാദ്യം.
ഗെയിംസിൽ ഇന്ത്യ കൂടുതൽ മെഡലുകൾ പ്രതീക്ഷിക്കുന്ന ദിനമാണിന്ന്. ടെന്നീസ് പുരുഷ സിംഗിൾസിലും ഇന്ത്യക്കിന്ന് മത്സരമുണ്ട്. സെമിഫൈനലിൽ പ്രജിനേഷ് ഗുണേശ്വരൻ ഇന്ത്യക്കായി കോർട്ടിലിറങ്ങും. ഷൂട്ടിങ്ങും അമ്പെയിത്തും ഇന്ത്യ മെഡൽ പ്രതീക്ഷ വെക്കുന്ന മറ്റിനങ്ങൾ.
ഇന്ത്യ സ്വർണ്ണം പ്രതീക്ഷിക്കുന്ന മറ്റൊരിനം ജിംനാസ്റ്റിക്സാണ്. കോമൺവെൽത്ത് മെഡൽ ജേതാവ് ദീപ കർമാക്കറാണ് ജിംനാസ്റ്റിക്സിൽ ഇന്ത്യക്കായി മത്സരിക്കുന്നത്. സ്ക്വഷിൽ ദീപിക പള്ളിക്കലിനും, ജോഷ്ന ചിന്നപ്പക്കും ഇന്ന് മത്സരമുണ്ട്.
ടീമിനത്തിൽ സ്വർണ്ണ പ്രതീക്ഷയോടെ വനിത കബടി ടീം ഇന്നിറങ്ങും. ഇറാനാണ് ഇന്ത്യയുടെ എതിരാളികൾ. പുരുഷ ഹോക്കിയിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും . നേരത്തെ ഇന്തോനേഷ്യയെ 17-0നും ഹോങ്കോങ് ചൈനയെ 26-0നും തോൽപ്പിച്ച ആത്മവിശ്വസത്തിലാണ് ഇന്ത്യൻ പുരുഷ ടീം ജപ്പാനെ നേരിടനിറങ്ങുന്നത്.