ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാമത് എഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷകളുമായി ട്രാക്കിലും ഫീൾഡിലും കൂടുതൽ ഇന്ത്യൻ താരങ്ങൾ മത്സരിക്കാനിറങ്ങും. നിലവിൽ 54 മെഡലുകൾ നേടിയ ഇന്ത്യ 2014 ലെ 57 മെഡൽ എന്ന കണക്ക് മറികടക്കാനാകും ശ്രമിക്കുക. 2010ൽ ചൈനയിൽ നടന്ന എഷ്യൻ ഗെയിംസിൽ 65 മെഡലുകൾ നേടിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടം. അത്‍ലറ്റിക്‌സിൽ തന്നെയാണ് ഇന്നും ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നത്. ദീർഘദൂര മത്സരങ്ങളാകും ഇന്ന് ആദ്യം നടക്കുക.

വനിത വിഭാഗം 1500 മീറ്ററിൽ മലയാളി താരം പി.യു.ചിത്രയിലാണ് ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ. മോനിക്ക ചൗധരിയും ഈ ഇനത്തിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. പുരുഷ വിഭാഗത്തിൽ ഇന്ത്യ രണ്ട് മെഡലുകളാണ് പ്രതീക്ഷിക്കുന്നത്. 800 മീറ്ററിൽ ഇന്ത്യയക്ക് സ്വർണ്ണം സമ്മാനിച്ച മഞ്ജിത് കൗറും വെള്ളി നേടിയ മലയാളി താരം ജിൻസൺ ജോൺസണുമാണ് 1500 മീറ്ററിലും ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. സ്വർണ്ണം എറിഞ്ഞിടാനാകും ഡിസ്കസ് ത്രോയിൽ സീമ പൂനിയ മത്സരിക്കുക. 50 കിലോമീറ്റർ നടത്ത മത്സരത്തിൽ സന്ദീപ് കുമാറാകും ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങുക. 4×400 മീറ്റർ റിലേയിലും പുരുഷ-വനിത ടീമുകൾക്ക് ഇന്ന് ഫൈനൽ മത്സരമുണ്ട്.

പുരുഷ ഹോക്കി സെമിഫൈനലാണ് ഇന്ത്യ ഉറ്റുനോക്കുന്ന ഇന്നത്തെ പ്രധാന മത്സരം. മലേഷ്യയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. 2014 എഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കിയ ഇന്ത്യ ഇക്കുറിയും നേട്ടം ആവർത്തിക്കുമെന്നാണ് കരുതുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്നുമായി 76 ഗോളുകൾ അടിച്ചുകൂട്ടിയ ഇന്ത്യയ്ക്ക് പക്ഷേ മലേഷ്യയുമായുള്ള മത്സരം അത്ര എളുപ്പമാകില്ല. കഴിഞ്ഞ സീസണിൽ മലേഷ്യയുമായുള്ള ഇന്ത്യൻ പ്രകടനമാണ് ഇതിന് കാരണം. എങ്കിലും മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ സംഘം ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

ടേബിൾ ടെന്നീസിൽ പുരുഷ – വനിത താരങ്ങൾക്കിന്ന് വ്യക്തിഗത മത്സരങ്ങളാണുള്ളത്. കയാക്കിങ്ങിൽ ഇന്ത്യയ്ക്കിന്ന് നാല് ഫൈനലുകളാണ് ഉള്ളത്. ജൂഡോയിലും ഇന്ത്യ ഇന്ന് പോരാട്ടത്തിനിറങ്ങും. ഇത്തവണ എഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയ കുറാഷാണ് ഇന്ത്യ പ്രതീക്ഷ വയ്ക്കുന്ന മറ്റൊരിനം.

എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കിന്നലെ രണ്ട് സ്വർണ്ണമുൾപ്പടെ നാല് മെഡലുകളാണ് ലഭിച്ചത്. ഹെപ്പത്തലോണിൽ സ്വപ്ന ബർമനും ട്രിപ്പിൾ ജംപിൽ അർപ്പീന്ദർ സിങ്ങും ഇന്ത്യയ്ക്കായി സ്വർണ്ണം നേടി. 11 സ്വർണ്ണമുൾപ്പടെ 54 മെഡലുകളുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. 104 സ്വർണ്ണമുൾപ്പടെ 221 മെഡലുകളുള്ള ചൈനയാണ് ഒന്നാം സ്ഥാനത്താണ്. ജപ്പാൻ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook