ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാം എഷ്യൻ ഗെയിംസിൽ ട്രാക്കിലും ഫീൾഡിലും മെഡൽ പ്രതീക്ഷകളുമായി കൂടുതൽ ഇന്ത്യൻ താരങ്ങൾ ഇന്ന് മത്സരിക്കാനിറങ്ങും. ഒമ്പത് ഫൈനൽ മത്സരങ്ങളാണ് ഇന്ത്യക്ക് ഇന്നുള്ളത്.
വനിത വിഭാഗം 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ മലയാളി താരം അനു രാഘവനും ജുവാന മുർമുവും മത്സരിക്കും. പുരുഷ ഫൈനലിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നുണ്ട്. ധാരുൺ അയ്യാസാമിയും സന്തോഷ് കുമാറുമാണ് പുരുഷ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.
ഇന്ത്യ സ്വർണ്ണം പ്രതീക്ഷിക്കുന്ന മറ്റൊരിനം ജാവലിൻ ത്രോയാണ്. നീരജ് ചോപ്രയും ശിവ്പാൽ സിങ്ങുമാണ് മത്സരിക്കുന്നത്. ദേശീയ റെക്കോർഡിനുടമയാണ് നീരജ്. കോമൺവെൽത്ത് സ്വർണ്ണമെഡൽ ജേതാവ് കൂടിയായ നീരജ് രാജ്യത്തിന് മെഡൽ സമ്മാനിക്കുമെന്നാണ് കായികലോകത്തിന്റെ പ്രതീക്ഷ. എഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പതാക വാഹകൻ കൂടിയായിരുന്നു അദ്ദേഹം.
വനിത വിഭാഗം ലോങ്ജംമ്പാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്ന മറ്റൊരു ഫൈനൽ. രണ്ട് മലയാളി വനിതകളാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. കോഴിക്കോട് സ്വദേശികളായ നീന വരകിലും നയനാ ജെയിംസുമാണ് ലോങ്ജംമ്പിലെ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ.
പുരുഷവിഭാഗം ഹൈജംമ്പ്, പുരുഷ-വനിത വിഭാഗം 3000 മീറ്റർ എന്നിവയാണ് ഇന്ന് നടക്കുന്ന മറ്റ് ഫൈനലുകൾ. സൈക്ലിങ്ങിലും പുരുഷ-വനിത ടീമുകൾക്ക് ഇന്ന് ഫൈനൽ മത്സരമുണ്ട്.
ഫൈനൽ ലക്ഷ്യമാക്കി ഇന്ത്യൻ ബാഡ്മിന്റൻ വനിത താരങ്ങളായ പി.വി സിന്ധുവും സൈന നെഹ‍്‍വാളും ഇന്നിറങ്ങും. ഇരുവരും സെമിയിൽ ജയിക്കുകയാണെങ്കിൽ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടും. ബാഡ്മിന്റണിലെ ഇന്ത്യൻ ഫൈനലിന് കാത്തിരിക്കുകയാണ് ആരാധകർ.
ഗ്രൂപ്പിനങ്ങളിൽ വനിത ഹോക്കി ടീമിനും വോളിബോൾ ടീമിനും ഇന്ന് മത്സരമുണ്ട്. ഇതിന് പുറമെ ബോക്സിങ്, ടെബിൾ ടെന്നീസ്, സക്വാഷ് തുടങ്ങിയ വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും. നിലവിൽ 7 സ്വർണ്ണവും 10 വെള്ളിയും 19 വെങ്കലവുമുള്ള ഇന്ത്യ ആകെ 36 മെഡലുകളുമായി മെഡൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.