ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാം എഷ്യൻ ഗെയിംസ് പതിനൊന്നാം ദിനത്തിലേക്ക് എത്തുന്നു. പത്ത് ദിനങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയുടെ മെഡൽ സമ്പാദ്യം അമ്പത് പിന്നിട്ട് കഴിഞ്ഞു. ഇന്ത്യയുടെ മെഡൽ സമ്പാദ്യത്തിന് കൂടുതൽ തിളക്കം സമ്മാനിച്ച അത്‍ലറ്റിക്സിൽ തന്നെയാണ് ഇന്നും ഇന്ത്യയുടെ പ്രതീക്ഷ.

അത്‍ലറ്റിക്സിൽ ഇന്ത്യ മെഡൽ ഉറപ്പിച്ച പോരാട്ടമാണ് ദ്യുതി ചന്ദിന്റേത്. സെമിഫൈനലിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ദ്യുതി 200 മീറ്റർ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. എഷ്യൻ ഭൂഖണ്ഡത്തിലെ വേഗമേറിയ രണ്ടാമത്തെ താരമായി മാറി 100 മീറ്ററിൽ ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ച ദ്യുതി ഇത്തവണയും ഇന്ത്യക്ക് മെഡൽ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീർഘദൂര നടത്ത മത്സരമാണ് ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ സജീവമാക്കുന്ന മറ്റൊരിനം. പുരുഷ-വനിത വിഭാഗങ്ങളിൽ മലയാളി താരങ്ങളായ ഇർഫാനും സൗമ്യയുമാണ് ഇന്ത്യക്കായി മെഡൽ നടന്നെടുക്കാൻ ഇറങ്ങുന്നത്. 20 കിലോമീറ്ററിൽ ദേശീയ റെക്കോർഡിനുടമയാണ് സൗമ്യ. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ അർപിന്ദർ സിങ്ങിലൂടെ ഇന്ത്യ സ്വർണ്ണം പ്രതീക്ഷിക്കുന്നുണ്ട്. ഈ ഇനത്തിൽ തന്നെ മലയാളി താരം രാകേഷ് ബാബുവും മത്സരിക്കും.

വനിത ഹോക്കിയിൽ സെമി പോരാട്ടത്തിനാകും ഇന്ത്യ ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ അതിശക്തമായി മുന്നേറിയ വനിത ഹോക്കി ടീം ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങുമ്പോൾ ഇന്ത്യൻ പ്രതീക്ഷകളും ഏറെയാണ്. അയൽക്കാരായ ചൈനയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.

ഗെയിംസിൽ ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്ത ബോക്സിങ്ങിൽ ഇന്ത്യക്കിന്ന് 4 ക്വാർട്ടർ ഫൈനലുകളാണുള്ളത്. മെഡലുറപ്പിക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ടേബിൾ ടെന്നീസിൽ മിക്സഡ് ഡബിൾസ് പോരാട്ടത്തിന് ഇന്ത്യയുടെ രണ്ട് ടീമുകളിറങ്ങും.

ഹാൻഡ്ബോളിൽ പുരുഷന്മാർ ഇന്തോനേഷ്യയെ നേരിടുമ്പോൾ വോളിബോളിൽ വനിതകൾ ഹോങ്കോങ്ങിനെതിരെയും മത്സരിക്കും. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് അപ്രതീക്ഷിത മെഡൽ സമ്മാനിച്ച ഖുറാഷിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കും. ജൂഡോ, സൈക്ലിങ്, കയാക്കിങ്, സോഫ്റ്റ് ടെന്നിസിലും ഇന്ത്യക്കിന്ന് മത്സരമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ