അബുദാബി: സൗഹൃദ മത്സരത്തില്‍ ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യ. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. ഫിഫ റാങ്കിങില്‍ 82-ാം സ്ഥാനത്തുള്ള ടീമാണ് ഒമാന്‍. ഫിഫ റാങ്കിങില്‍ 97ാം സ്ഥാനത്താണ് ഇന്ത്യ. ഗോള്‍ കീപ്പര്‍മാരുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് സമനില നേടി കൊടുത്തത്.
ആദ്യപകുതിയില്‍ ഇന്ത്യന്‍ വല കാത്തത് അമരീന്ദര്‍ സിങും രണ്ടാം പകുതിയില്‍ ഗുര്‍പ്രീത് സിങുമായിരുന്നു. മികച്ച സേവുകളാണ് ഇരുവരും നടത്തിയത്. ഇതോടെ ഇന്ത്യന്‍ വല നിറക്കുക എന്ന ലക്ഷ്യവുമായി പാഞ്ഞെത്തിയ ഒമാന്റെ മുന്നേറ്റത്തിന്റെ മുനയൊടിയുകയായിരുന്നു. പ്രതിരോധ നിരയില്‍ മലയാളി താരം അനസ് എടത്തൊടികയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ജെജെ ലാല്‍പെഖുലയുമടങ്ങിയ ഇന്ത്യന്‍ മുന്നേറ്റനിരയും മികച്ച ഒരുപാട് നീക്കങ്ങളും നടത്തി. എന്നാല്‍ ഗോള്‍ കണ്ടെത്തുന്നതില്‍ വിജയം കണ്ടെത്താനായില്ല. അതിനാല്‍ ഇന്ത്യയ്ക്ക് സമനിലയില്‍ തൃപ്തരാകേണ്ടി വന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ മലയാളി താരം ആഷിഖ് കുരുണിയന്‍ 78ാം മിനിറ്റില്‍ ബോക്‌സിനുള്ളിലേക്കു മറിച്ചു നല്‍കിയ പന്തില്‍ ബല്‍വന്ത് സിങിന്റെ ഹെഡര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയത് ഇന്ത്യയ്ക്കു നിര്‍ഭാഗ്യമായി.
അടച്ചിട്ട സ്റ്റേഡിയത്തിലാണു കളി നടന്നത്. ഏഷ്യാ കപ്പ് മുന്നില്‍ കണ്ടാണ് നീക്കം. ജനുവരി ആറിനു തായ്ലാന്റിനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം.