ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ബി ഗ്രൂപ്പിൽ പാകിസ്ഥാനെതിരെ ഹോങ്കോങ് ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഹോങ്കോങ്ങ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 39 റൺസെടുത്തിട്ടുണ്ട്.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഇതുവരെ രണ്ട് വട്ടം ഏഷ്യ കപ്പ് ജേതാക്കളായ ടീമാണ് പാക്കിസ്ഥാൻ. ഓപ്പണർ ഫഖർ സമാനാണ് സർഫ്രാസ് അഹമ്മദ് നയിക്കുന്ന പാക് ടീമിന്റെ കരുത്ത്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ പാക് താരമെന്ന റെക്കോഡും ഫഖർ സമാന്റെ പേരിലാണ്.
ഏഷ്യാ കപ്പിൽ ഇത് മൂന്നാം തവണയാണ് ഹോങ്കോങ്ങ് കളിക്കുന്നത്. 2004-ലും 2008-ലും ഏഷ്യ കപ്പ് പോരാട്ടത്തിൽ ഹോങ്കോങ് ഭാഗമായിരുന്നു. യോഗ്യത റൗണ്ടിൽ നേപ്പാളിനേയും യു.എ.ഇ യെയും തോൽപ്പിച്ചാണ് ഹോങ്കോങ് ഏഷ്യ കപ്പിൽ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.
ഹോങ്കോങ് സംഘത്തിൽ ഒമ്പത് കളിക്കാരും 23 വയസിൽ താഴെ പ്രായമുള്ളവരാണ്. വെറും ഇരുപത് വയസ് മാത്രമാണ് ക്യാപ്റ്റൻ അൻസുറാം റാത്തിന്റെ പ്രായം. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ബെംഗ്ലാദേശ് ശ്രീലങ്കയെ തോൽപിച്ചിരുന്നു.