ദുബായ്: പെര്‍ഫെക്ട് ഫെയറി ടേലാണെന്ന് തോന്നിപ്പിച്ച ശേഷം പതിവ് സ്വഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ച് ശ്രീലങ്ക. ആദ്യ ഓവറില്‍ തന്നെ തന്റെ തിരിച്ചു വരവ് തെളിയിച്ച ലസിത് മലിംഗയിലൂടെ തങ്ങളുടെ നല്ല കാലത്തേക്ക് ലങ്ക മടങ്ങി പോവുകയാണെന്ന് തോന്നിപ്പിച്ച കളിയെ തങ്ങളുടെ ചങ്കുറപ്പു കൊണ്ട് വരുതിയിലാക്കി ബംഗ്ലാദേശ്. ഇതോടെ ഏഷ്യാ കപ്പിലെ ആദ്യജയം ബംഗ്ലാ കടുവകള്‍ക്ക് സ്വന്തം.

ഏഷ്യ കപ്പ് ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്ക ബംഗ്ലദേശിനോട് 137 റണ്‍സിനു തോറ്റു. സെഞ്ചുറി നേട്ടത്തോടെ ബംഗ്ലദേശ് ഇന്നിങ്ങ്‌സിനു നങ്കൂരമിട്ട മുഷ്ഫിഖുര്‍ റഹിമിന്റെ (144) ഇന്നിങ്ങ്‌സാണു ബംഗ്ല വിജയത്തില്‍ നിര്‍ണായകമായത്. മുഹമ്മദ് മിഥുന്‍ 63 റണ്‍സെടുത്തു. മുഷ്തഫിസുര്‍ റഹ്മാന്‍, മുര്‍ത്താസ, മെഹദി ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് നേട്ടത്തോടെ ബോളിങ്ങില്‍ തിളങ്ങി. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാലു വിക്കറ്റ് വീഴ്ത്തി.

മലിംഗയുടെ മടങ്ങി വരവ് കണ്ടതോടെ ബംഗ്ലാദേശ് ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുമെന്ന് തോന്നിപ്പിച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ വെറും രണ്ട് റണ്‍സെടുക്കും മുമ്പ് രണ്ട് പേരെയാണ് മലിംഗ വീഴ്ത്തിയത്. എന്നാല്‍ പിന്നീട് ഒരുമിച്ച മുഷിയും മിഥുനും ചേര്‍ന്ന് ബംഗ്ലാദേശിനെ 261 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. പക്ഷെ മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയുടെ ബാറ്റിങ് നിര പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. ശ്രീലങ്ക35.2 ഓവറില്‍ 124നു പുറത്തായി. 29 റണ്‍സെടുത്ത ബോളര്‍ ദില്‍റുവാന്‍ പെരേരയാണു ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

രണ്ടാം ഓവറില്‍ ലക്മലിന്റെ പന്ത് കയ്യിലിടിച്ച തമിം ഇഖ്ബാല്‍ റിട്ടയര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയതോടെ തകര്‍ച്ച നേരിട്ട ബംഗ്ലദേശിനെ മൂന്നാം വിക്കറ്റില്‍ 131 റണ്‍സ് ചേര്‍ത്ത മിഥുന്‍-റഹീം കൂട്ടുകെട്ടാണു രക്ഷിച്ചത്. പിന്നീട് ഇറങ്ങിയവര്‍ക്കു നിലയുറപ്പിക്കാനായില്ലെങ്കിലും മറുവശത്ത് ഉറച്ചു നിന്ന റഹിം മികച്ച ഫോമില്‍ ബാറ്റ് വീശി. ഏകദിനത്തില്‍ ബംഗ്ല താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോര്‍ഡും റഹിം സ്വന്തമാക്കി. ഇന്നു നടക്കുന്ന മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ഹോങ്കോങ്ങിനെ നേരിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook