ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യാന്തര ക്രിക്കറ്റ് വീണ്ടും തിരിച്ചെത്തിയ ദിവസമായ ഇന്ന് തന്നെ ക്രിക്കറ്റ് ആരാധകർക്ക് നിരാശ നൽകുന്ന ഒരു പ്രഖ്യാപനം കൂടെ. ക്രിക്കറ്റിലെ ഏഷ്യൻ ശക്തികൾ ഏറ്റുമുട്ടുന്ന ഏഷ്യ കപ്പ് മത്സരങ്ങൾ റദ്ദാക്കിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. നാളെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗം ചേരാനിരിക്കെയാണ് ഗാംഗുലിയുടെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
വിക്രാന്ത് ഗുപ്തയപമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏഷ്യ കപ്പ് റദ്ദാക്കിയിരിക്കുന്നു. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങളൊന്നും വ്യക്തമാക്കാതെ ഇതാണ് എസിസിയുടെ തീരുമാനമെന്നായിരുന്നു ഗാംഗുലി പറഞ്ഞത്.
അതേസമയം ഇങ്ങനെ ഒരു തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പ്രതികരിച്ചതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ മാസത്തിൽ നടക്കേണ്ട ടൂർണമെന്റാണ് റദ്ദാക്കിയതായി ഗാംഗുലി അറിയിച്ചിരിക്കുന്നത്.
പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കേണ്ട ടൂർണമെന്റ് നടക്കേണ്ടത് യുഎഇയിലായിരുന്നു. പാക്കിസ്ഥാനിൽ ടൂർണമെന്റ് സംഘടിപ്പിച്ചാൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് മത്സരങ്ങൾ യുഎഇയിൽ സംഘടിപ്പിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
“ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര പരമ്പരയെന്ന് നടക്കുമെന്ന് പറയാൻ പ്രയാസമാണ്. ഞങ്ങൾ ഞങ്ങളുടെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്, പക്ഷേ സർക്കാർ നിയമങ്ങൾ അറിയുന്നതുവരെ ഞങ്ങൾക്ക് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. കളിക്കാരുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ളതിനാൽ തിരക്ക് കൂട്ടുന്നില്ല. അനുദിനം കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ”ഗാംഗുലി കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്ന വിഷയം സജീവമായി തന്നെ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടി20 ലോകകപ്പ് സംഘടിപ്പിക്കുന്ന കാര്യത്തിൽ ഐസിസി തീരുമാനം വന്ന ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചടുത്തോളം ഐപിഎൽ പ്രധാനമാണ്. അത് നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഗാംഗുലി അറിയിച്ചു.