ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനിറങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരുക്ക്. പരുക്കേറ്റ ബംഗ്ലാദേശിന്റെ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസ്സൻ ഫൈനലിൽ കളിക്കില്ല. വിരലിനു പരുക്കേറ്റ ഷാക്കിബ് ധാക്കയിൽ തിരിച്ചെത്തിയെന്നും ശസ്ത്രക്രിയയ്ക്കായി ഉടൻ അമേരിക്കയിലേക്ക് പോകുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ബാറ്റ് പിടിക്കാനാവാത്ത വിധം ഷാക്കിബിന്റെ വിരലിന് നീരുണ്ട്. ഇതോടെ ഒക്ടോബർ 21 ന് തുടങ്ങുന്ന സിംബാബ്‌വെ പര്യടനവും താരത്തിന് നഷ്ടമാകും.

ജനുവരി 27 ന് ധാക്കയിൽ നടന്ന ശ്രീലങ്കയുമായുളള ഏകദിന മത്സരത്തിനിടെയാണ് ഷാക്കിബിന് പരുക്കേറ്റത്. തുടർന്ന് മാർച്ചിൽ നടന്ന നിദാഹാസ് ടി20 ട്രോഫി മത്സരത്തിൽ ഷാക്കിബ് കളിച്ചില്ല. ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യയാണ് നിദാഹാസ് ട്രോഫി നേടിയത്. കുറച്ചുനാളത്തെ വിശ്രമത്തിനുശേഷം ജൂണിൽ നടന്ന അഫ്ഗാനിസ്ഥാനെതിരെയുളള ടി 20 പരമ്പരയിലും വെസ്റ്റ് ഇൻഡീസ് പരമ്പരയിലും ഷാക്കിബ് കളിച്ചു.

Read: ഏഷ്യയുടെ ചാമ്പ്യന്‍ ആര്?; ഇന്ത്യ-ബംഗ്ലാദേശ് ഫൈനലിനെ കുറിച്ച് അറിയേണ്ടതെല്ലാം

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുശേഷം ഓഗസ്റ്റിൽ നാട്ടിൽ തിരിച്ചെത്തിയ ഷാക്കിബിനോട് സർജറി നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ഏഷ്യ കപ്പ് കഴിയുന്നതുവരെ സർജറി നീട്ടി വയ്ക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഷാക്കിബിനോട് ആവശ്യപ്പെട്ടു. താരം ഇത് സമ്മതിക്കുകയും പരുക്ക് അവഗണിച്ച് ഏഷ്യ കപ്പ് മത്സരങ്ങൾ കളിക്കുകയും ചെയ്തു. എന്നാൽ ഏഷ്യ കപ്പിൽ പാക്കിസ്ഥാനെതിരെ നടന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഷാക്കിബിന്റെ പരുക്ക് ഗുരുതരമാവുകയും താരത്തിനെ ഉടൻ നാട്ടിലേക്ക് തിരികെ അയയ്ക്കുകയുമായിരുന്നു.

ഇന്നു വൈകിട്ട് അഞ്ചിനാണ് ഏഷ്യ കപ്പ് ഫൈനൽ മത്സരം. ഇന്ത്യയും ബംഗ്ലാദേശുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതുവരേയും തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അതേസമയം, പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും. നാലരയോടെ ടോസ് ഇടും. മൂന്നരയോടെ തന്നെ ചാനലുകളില്‍ സംപ്രേക്ഷണം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി എന്നീ ചാനലുകളില്‍ ഇംഗ്ലീഷ് കമന്ററിയോടെയും സ്റ്റാര്‍ സ്പോര്‍ട്സ് മൂന്നിലും മൂന്ന് എച്ച്ഡിയിലും ഹിന്ദി കമന്ററിയോടെയും കളി കാണാം. ഹോട്ട് സ്റ്റാറില്‍ മത്സരം തത്സമയം കാണാം. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തില്‍ കളിയുടെ തത്സമയ അപ്ഡേറ്റുകളും കമന്ററിയുമുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook