ഏഷ്യകപ്പ് ക്രിക്കറ്റ് ഇനിമുതൽ എല്ലാ വർഷവും തുടർച്ചയായി നടത്താനൊരുങ്ങി എഷ്യൻ ക്രിക്കറ്റ് കൗൻസിൽ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് എസിസി പ്രസിഡന്ര് നസ്മുൾ ഹസൻ വ്യക്തമാക്കി. ഏഷ്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് നസ്മുൾ ഹസന്റെ പക്ഷം.

നിലവിൽ രണ്ട് വർഷത്തിൽ ഒരിക്കലാണ് ഏഷ്യ കപ്പ് ടൂർണമെന്റ് നടക്കുന്നത്. ടി20 – ഏകദിന ഫോർമാറ്റുകളിലാണ് മത്സരം സംഘടിപ്പിക്കാറുള്ളത്. പുതിയ തീരുമാനം നിലവിൽ വന്നാൽ ഇനി മുതൽ എല്ലാ വർഷവും ഏഷ്യയിൽ ക്രിക്കറ്റ് ആവേശം ഉയരും. എന്നാൽ ഇത് താരങ്ങൾക്ക് ജോലിഭാരം കൂട്ടുമൊയെന്ന ആശങ്കയുമുണ്ട്.

“ഏഷ്യ കപ്പ് ക്രിക്കറ്റ് എല്ലാ വർഷവും തുടർച്ചയായി നടത്താനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റ നീക്കം. യു എ ഇയിൽ നടന്ന ചാമ്പ്യൻഷിപ്പ് ഇപ്പോഴും ഏഷ്യ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തുടിപ്പാണ് എന്നത് തെളിയിച്ചു. അതിൽ സംശയമില്ല. അത്കൊണ്ട് തന്നെ കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഏഷ്യൻ ക്രിക്കറ്റിന് അനുകൂലമാകും,”നസ്മുൾ ഹസൻ പറഞ്ഞു.

സീനിയർ ഏഷ്യാകപ്പിന് പുറമേ എമർജിംഗ് ഏഷ്യാകപ്പും സ്ഥിരമായി നടത്തുന്നുണ്ട്. ഇതെല്ലാം ഏഷ്യയിൽ ക്രിക്കറ്റ് വളരുന്നതിന് വേണ്ടിയാണ്. ഈ ഒരു ലക്ഷ്യം മുൻ നിർത്തി പല ചുവടുകളും ഞങ്ങൾ വെച്ചുകഴിഞ്ഞു. മറ്റ് പലതും നമ്മുടെ പദ്ധതികളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1984ലാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഇതിൽ 2016ൽ മാത്രമാണ് ടി20 ഫോർമാറ്റിൽ മത്സരം സംഘടിപ്പിച്ചത്. 14 ടൂർണമെന്റുകളിൽ ആറിലും കിരീടം ചൂടിയത് ഇന്ത്യയാണ്. കഴിഞ്ഞ രണ്ട് തവണയും ബംഗ്ലാദേശിനെ കീഴ്പ്പെടുത്തിയാണ് ഇന്ത്യ ഏഷ്യൻ രാജക്കന്മാരായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook