അബുദാബി: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാന് വമ്പൻ അട്ടിമറി ജയം. എ ഗ്രൂപ്പിൽ ബംഗ്ലാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാൻ 136 റൺസിന്റെ പടുകൂറ്റൻ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 255 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 119 റൺസിന് ഓൾ ഔട്ടായി.
പിറന്നാൾ ദിനത്തിൽ റാഷിദ് ഖാൻ കാഴ്ചവച്ച ഓൾ റൗണ്ട് പ്രകടനമാണ് അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം സമ്മാനിച്ചത്. പുറത്താകാതെ 57 റൺസെടുത്ത റാഷിദ് ഖാൻ രണ്ട് വിക്കറ്റുകളും വീഴ്ത്തി. 32 റൺസെടുത്ത ഷക്കിബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. 58 റണ്‍സ് നേടിയ ഹഷ്മതുള്ള ഷഹിദിയാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍.
തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നഷ്ടമായ അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണർ ഷഹ്സാദും നാലാമനായി ക്രീസിലെത്തിയ ഷാഹിദിയുമാണ് മികച്ച ഇന്നിങ്സ് പുറത്തെടുത്തത്. അഫ്ഗാനെ നിലയുറപ്പിച്ച് നിർത്തുകയായിരുന്നു ഇരുവരും ചെയ്തത്. 90 പന്തിൽ നിന്നാണ് ഷാഹിദി 58 റൺസ് നേടിയത്. 47 പന്തിൽ നിന്ന് ഷഹ്സാദ് 37 റൺസെടുത്തു.
വാലറ്റത്ത് റാഷിദ് ഖാന്റേയും (32 പന്തില്‍ 57) ഗുല്‍ബാദിന്‍ നെയ്ബിന്റേയും (38 പന്തില്‍ 48) തകർപ്പൻ ബാറ്റിങ്ങാണ് അഫ്ഗാന് നേട്ടമായത്. 57 പന്തിൽ 95 റൺസിന്റെ അപരാജിതമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന് നാല് വിക്കറ്റ് വീഴ്ത്തി. മഷ്റഫെ മൊർതാസെ എറിഞ്ഞ 50-ാം ഓവറിൽ നാല് ഫോറടക്കം 18 റൺസാണ് റാഷിദ് ഖാൻ അടിച്ചത്.