/indian-express-malayalam/media/media_files/uploads/2023/09/Gill.jpg)
Photo: Facebook/ Indian Cricket Team
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് റൺസിന്റെ തോൽവി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് എന്ന താരതമ്യേന ദുർബലമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 259 റണ്‍സിൽ അവസാനിച്ചു.തോറ്റെങ്കിലും ഇന്ത്യ നേരത്തെ തന്നെ ടൂർണമെന്റിന്റെ ഫൈനൽ പോരിന് യോഗ്യത നേടിയിരുന്നു.
133 പന്തിൽ നിന്ന് 121 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ പോരാട്ടം പാഴായി. അക്സര്‍ പട്ടേല്‍ (42), സൂര്യകുമാര്‍ യാദവ് (26) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. ഇന്ത്യൻ നിരയിൽ ആറ് ബാറ്റർമാർക്ക് രണ്ടക്കം കടക്കാനായില്ല. മൂന്ന് വിക്കറ്റുമായി മുസ്തഫിസുർ റഹ്മാനും രണ്ട് വീതം വിക്കറ്റുകളുമായി മഹെദി ഹസനും തൻസിം ഹസനും നീലപ്പടയെ ഒരു പന്ത് ശേഷിക്കെ ഓൾഔട്ടാക്കി.
നേരത്തെ ഷാക്കിബ് അല്‍ ഹസന്‍ (80), തൗഹിദ് ഹ്രിദോയി (54) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയാണ് ബംഗ്ലാദേശിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബോളര്‍മാരുടെ പ്രകടനം. പവര്‍പ്ലെയ്ക്കുള്ളില്‍ തന്നെ ബംഗ്ലാദേശിന്റെ മൂന്ന് മുന്‍നിര ബാറ്റര്‍മാരെ പവലിയിനിലേക്ക് പറഞ്ഞയച്ചു. 59-4 എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് നീങ്ങുമ്പോഴായിരുന്നു രക്ഷകനായി ഷാക്കിബ് അല്‍ ഹസന്‍ എത്തിയത്.
തൗഹിദ് ഹ്രിദോയിയെ കൂട്ടുപിടിച്ച് ഷക്കിബ് അഞ്ചാം വിക്കറ്റില്‍ 101 റണ്‍സാണ് ചേര്‍ത്തത്. 85 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 80 റണ്‍സെടുത്ത ഷക്കിബിനെ പുറത്താക്കി ശാര്‍ദൂല്‍ താക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്. ഹ്രിദോയിയുടെ അര്‍ദ്ധ സെഞ്ചുറിയും ബംഗ്ലാദേശ് സ്കോര്‍ മുന്നോട്ട് ചലിക്കാന്‍ സഹായിച്ചു. 54 റണ്‍സാണ് താരം നേടിയത്.
എന്നാല്‍ അവസാന ഓവറുകളില്‍ നാസും അഹമ്മദും (44) മെഹദി ഹസനും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും സ്കോര്‍ 250 കടത്തുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി ശാര്‍ദൂല്‍ താക്കുര്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി. പ്രസിദ്ധ കൃഷ്ണ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us