മുംബൈ: ഏഴാം ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. വിന്‍ഡീസ് പരമ്പരയ്ക്ക് മുന്നോടിയായി വിരാടിന് വിശ്രമം അനുവദിച്ചതോടെ രോഹിത് ശര്‍മ്മയായിരുന്നു ടീമിനെ നയിച്ചതും കിരീടം സ്വന്തമാക്കിയതും. ട്വീറ്റിലൂടെയാണ് ഇന്ത്യയുടെ കിരീട നേട്ടത്തെ വിരാട് അഭിനന്ദിച്ചത്.

”ശക്തമായ പോരാട്ടത്തിന് ഒടുവിലെ വിജയം’ എന്നായിരുന്നു വിരാട് അവസാന പന്തിലെ വിജയത്തെ വിശേഷിപ്പിച്ചത്. അതോടൊപ്പം തന്നെ പൊരുതി തോറ്റ ബംഗ്ലാദേശിനെ അഭിനന്ദിക്കാനും വിരാട് മറന്നില്ല. ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച ബംഗ്ലാദേശിന് അഭിനന്ദിക്കുന്നുവെന്നും വിരാട് ട്വീറ്റില്‍ പറയുന്നു. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയം.

ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. അവസാന പന്തിലെത്തിയ മത്സരം ആവേശം നിറഞ്ഞതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 222 റണ്‍സാണ് സമ്പാദിച്ചത്. ഒന്നാം വിക്കറ്റില്‍ ലിറ്റണ്‍ ദാസും മെഹ്ദി ഹസനും ചേര്‍ന്ന് നല്‍കിയ 120 റണ്‍സിന്റെ കൂട്ടുകെട്ട് മുതലെടുക്കാന്‍ ബംഗ്ലാദേശ് മധ്യനിരയ്ക്ക് സാധിക്കാതെ വന്നതോടെയാണ് 222 എന്ന നിലയിലേക്കവര്‍ പതിച്ചത്.

മറുപടി ബാറ്റിങിന് ഇറങ്ങിയ രോഹിതും ധവാനും തുടക്കത്തിലേ ആക്രമിച്ച് കളിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ഇന്ത്യയുടെ നിലയും പരുങ്ങലിലാവുകയായിരുന്നു. അനായാസം ജയിക്കാമായിരുന്ന മത്സരത്തെ മധ്യനിരയുടെ മോശം പ്രകടനമാണ് അവസാന പന്ത് വരെ എത്തിച്ചത്. പരുക്ക് ഏറ്റിട്ടും മടങ്ങി വന്ന കേദാര്‍ ജാദവാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook