ഇന്ത്യയുടെ കളി കാണുന്നതിനിടെ അഫ്ഗാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും മത്സരം കാണാതെ പോയവര്‍ക്കുണ്ടായ നഷ്ടം നികത്താനാകാത്തതാണ്. ഏഷ്യ കപ്പിലെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നില്‍ തന്റെ അനുഭവ സമ്പത്തു കൊണ്ട് ഷൊയ്ബ് മാലിക്ക് പാക്കിസ്ഥാനെ രക്ഷിച്ചെടുക്കുകയായിരുന്നു. അവസാന ഓവറിലാണ് കളിയുടെ വിധിയെഴുതിയത്.

പറയാന്‍ തക്ക ചരിത്രമില്ലാത്ത അഫ്ഗാനിസ്ഥാന്റെ ചുണക്കുട്ടികള്‍ പാക്കിസ്ഥാനെ സധൈര്യം മുഖത്ത് നോക്കി വെല്ലുവിളിക്കുകയായിരുന്നു. എന്നാല്‍ ഇത്തരം ടൈറ്റ് സാഹചര്യങ്ങളില്‍ അനുഭവ സമ്പത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് മാലിക്ക് കാണിച്ചു തന്നു. അവസാന ഓവറില്‍ പാക്കിസ്ഥാന് 10 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. എറിയാനെത്തിയത് പേസര്‍ അഫ്താബ് അലം. പരിചയക്കുറവു കൊണ്ട് അഫ്താബ് എറിഞ്ഞ പന്തുകള്‍ തന്റെ അനുഭവ സമ്പത്ത് കൊണ്ട് അളന്ന മാലിക്ക് സിക്‌സും ഫോറും പറത്തി കളി അവസാനിപ്പിക്കുകയായിരുന്നു.

മൂന്ന് പന്തും മൂന്ന് വിക്കറ്റും ബാക്കി നില്‍ക്കെയായിരുന്നു പാക്കിസ്ഥാന്റെ വിജയം. തങ്ങളുടെ തലവര മാറ്റിയെഴുതാന്‍ പോന്ന വിജയം കൈപ്പിടിയില്‍ നിന്നും നഷ്ടമായ ദുഃഖത്തില്‍ അഫ്താബ് നിലത്ത് മുട്ടുകുത്തി നിന്ന് മുഖം പൊത്തി കരയുകയായിരുന്നു. അഫ്ഗാന്‍ താരങ്ങളെല്ലാം അതീവ ദുഃഖിതരായിരുന്നു. അഫ്താബിനെ ആശ്വസിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ മാലിക്ക് വിജയാഘോഷം അവസാനിപ്പിച്ച് അഫ്താബിന് അരികിലേക്ക് എത്തി.

താരത്തിനരുകില്‍ മുട്ടുകുത്തി നിന്ന മാലിക്ക് തോളില്‍ തട്ടി അഫ്താബിനെ ആശ്വസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഹസന്‍ അലിയും അഫ്താബിനെ ആശ്വസിപ്പിച്ചു. കളി കണ്ടു നിന്നവരെല്ലാം ജയവും തോല്‍വിയും മറന്ന് കൈയ്യടിച്ചു പോയ നിമിഷമായിരുന്നു അത്. 2005 ല്‍ ഫ്‌ളിന്റോഫ് ബ്രെറ്റ് ലീയെ ആശ്വസിപ്പിച്ചതിന് സമാനമായ രംഗം.

അഫ്ഗാന്റെ 258 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ മൂന്നു പന്തുകള്‍ ശേഷിക്കെയാണ് വിജയം കണ്ടത്. കണക്കിലായിരുന്നു പാക്കിസ്ഥാന്റെ വിജയം. കളി കണ്ട ആരാധകരുടെ മനസില്‍ ജയിച്ച് നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. അനുഭവ സമ്പത്തും ആവേശവും മുഖാമുഖം വന്നപ്പോള്‍ അനുഭവ സമ്പത്ത് ജയിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പരാജയ ഭീതി പുലര്‍ത്തിയ പാക്കിസ്ഥാനെ ഷൊയ്ബ് മാലിക്കിന്റെ ബാറ്റിങ്ങാണ് വിജയത്തിലേക്ക് നയിച്ചത്. 51 റണ്‍സെടുത്ത് മാലിക്ക് പുറത്താകാതെ നിന്നു. ഇമാം ഉള്‍ ഹഖ് (80), ബാബര്‍ അസാം (66) എന്നിവരുടെ ബാറ്റിങ് പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് എടുത്തത്. 118 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്ത ഹഷ്മത്തുള്ള ഷാഹിദിയുടെയും 56 പന്തില്‍ 67 റണ്‍സെടുത്ത നായകന്‍ അസ്ഗര്‍ അഫ്ഗാന്റെയും ബാറ്റിങ്ങാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook