ദുബായ്: 14 മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്നലെ ജഡേജ ഇന്ത്യയുടെ ഏകദിന ജഴ്‌സിയണിഞ്ഞത്. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശ് ബാറ്റ്‌സ്മാനെ പുറത്താക്കി തന്റെ തിരിച്ചു വരവ് ജഡ്ഡു ആഘോഷമാക്കി. പിന്നാലെ മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയതോടെ ബംഗ്ലാദേശിന്റെ നടുവൊടിച്ചിട്ടു.

ഏഷ്യാ കപ്പിനുള്ള ടീമില്‍ ജഡേജ ഇല്ലായിരുന്നു. ആദ്യ മത്സരത്തിനുശേഷം അക്സര്‍ പട്ടേലിന് പരുക്കേറ്റതോടെ അപ്രതീക്ഷിതമായി ജഡേജക്ക് നറുക്കുവീഴുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏറെക്കുറെ ഇതു തന്നെയായിരുന്നു ജഡേജയുടെ അവസ്ഥ.

ആദ്യ നാലു ടെസ്റ്റിലും കരയ്ക്കിരുന്ന് കളി കണ്ട ജഡേജക്ക് അവസാന ടെസ്റ്റിലാണ് അവസരം ലഭിച്ചത്. പാര്‍ട്ണര്‍ ഇന്‍ ക്രൈം ആയ അശ്വിന് പരുക്കേറ്റതോടെയാണ് ജഡേജയ്ക്ക് അവസരം ലഭിച്ചത്. എന്നാല്‍ കളിച്ച ഒരേയൊരു ടെസ്റ്റില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുകയും ചെയ്തു. എന്നിട്ടും പക്ഷെ ഏകദിന ടീമിലേക്കുള്ള വിളി വന്നില്ല. ഇതിനിടെ തനിക്ക് ടെസ്റ്റില്‍ മാത്രം കളിച്ചാല്‍ പോരെന്നും ഏകദിനത്തിലും ട്വന്റി 20യിലുമെല്ലാം കളിക്കണമെന്ന് ജഡേജ പറഞ്ഞിരുന്നു. ഒടുവില്‍ കാത്തിരുന്ന അവസരം ലഭിച്ചു.

ഭുവിയും ബുംമ്രയും ചേര്‍ന്ന് ബംഗ്ലാദേശിന്റെ തലയറുത്തപ്പോള്‍ നടുവൊടിച്ചത് ജഡേജയായിരുന്നു. 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ബംഗ്ലാദേശിന്റെ പ്രധാന താരങ്ങളായ ഷക്കീബ് അല്‍ ഹസന്‍, മുഷ്ഫീഖുര്‍ റഹീം, മൊഹമ്മദ് മിഥുന്‍, മൊസാദേക് ഹൊസൈന്‍ എന്നിവരാണ് ജഡേജക്ക് മുന്നില്‍ വീണത്. ഇതേ പ്രകടനം തുടര്‍ന്നാല്‍ അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ജഡേജയ്ക്ക് എത്താനാകും. അതുതന്നെയാകും താരത്തിന്റെ മുന്നിലുളളതും.

സ്പിന്നര്‍മാരായ ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും വരവോടെയാണ് ഏകദിന, ട്വന്റി-20 ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജഡേജയും അശ്വിനും ടീമില്‍ നിന്ന് പുറത്തായത്. പിന്നീട് ടെസ്റ്റ് ടീമില്‍ മാത്രമായി ഇരുവരുടെയും സ്ഥാനം. അതില്‍തന്നെ വിദേശത്തെ ടെസ്റ്റുകളില്‍ അശ്വിന്‍ മാത്രമാണ് അന്തിമ ഇലവനില്‍ കളിക്കാറുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ