അതിര്‍ത്തികളില്‍ കള്ളി വരച്ചു കളിക്കുന്നവരോട് ഇളിച്ചു കാട്ടി വരകള്‍ മായ്ച്ച് കളയുകയാണ് ഇവിടെ രണ്ട് ക്രിക്കറ്റ് ആരാധകര്‍. ഹിന്ദുസ്ഥാനും പാക്കിസ്ഥാനും രണ്ടാവുകയും മനസ്സുകളെ രണ്ടാക്കുകയും ചെയ്തപ്പോള്‍ ക്രിക്കറ്റിലൂടെ വേലികളില്ലാ രാജ്യം പണിയുകയാണ് സുധീര്‍ കുമാറും ബഷീര്‍ ചാച്ചയും.
ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റെന്നാല്‍ ഒരു തീപ്പൊരി പോരാട്ടമായാണ് നമ്മള്‍ കാണാറുളളത്. മൈതാനത്ത് ഇരു ടീമുകളും തമ്മിലുളള കായികമായ ശത്രുതയും വാശിയും ഏറെ വര്‍ഷങ്ങളായി ഉളളതുമാണ്. എന്നാല്‍ മൈതാനത്തിന് പുറത്ത് ക്രിക്കറ്റ് താരങ്ങള്‍ ഏറെ സൗഹാര്‍ദ്ദം പുലര്‍ത്തുന്നവരാണ്. വിരാട് കോഹ്‌ലിയും ഷാഹിദ് അഫ്രീദിയും തമ്മിലുളള സൗഹാര്‍ദ്ദവും ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ പേര് കേട്ട ആരാധകനാണ് സുധീര്‍ ഗൗതം. സച്ചിന്‍ തെന്‍ഡുല്‍ക്കറിനും ഇന്ത്യയ്ക്കും വേണ്ടി സ്റ്റേഡിയങ്ങളില്‍ നിന്നുളള അദ്ദേഹത്തിന്റെ ആര്‍ത്തുവിളികള്‍ നമ്മളും നെഞ്ചോട് ചേര്‍ത്തതാണ്. ഇന്ത്യയ്ക്ക് സുധീറെന്ന പോലെ പാക്കിസ്ഥാനും ഒരു ആരാധകനുണ്ട്, ബഷീര്‍ ചാച്ച. ഇന്ത്യ-പാക് ആരാധകരും തങ്ങളുടെ സ്നേഹം ക്രിക്കറ്റിലൂടെ പങ്കുവയ്ക്കുകയാണ്.
ക്രിക്കറ്റ് കളി കാണാന്‍ യുഎഇയില്‍ എത്താന്‍ കഴിയാതിരുന്ന സുധീറിനെ സഹായിച്ചത് ബഷീര്‍ ചാച്ചയാണെന്നാണ് എസ്ക്ട്രാ ടൈം ഡോട് ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധീറിന്റെ വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവ ഒരുക്കിയത് ബഷീറായിരുന്നു.
‘സ്നേഹം മാത്രമാണിത്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് പണം വരും പോകും. നീ ഇവിടെ എത്തിയാല്‍ മതിയെന്നും ബാക്കിയെല്ലാം ഞാന്‍ നോക്കിക്കോളാം എന്നുമാണ് സുധീറിനോട് പറഞ്ഞത്. ഞാന്‍ സമ്പന്നനൊന്നും അല്ല, പക്ഷെ ഹൃദയത്തിന് ഒരു കടലോളം ആഴമുണ്ട്. ഞാന്‍ നിങ്ങളെ സഹായിച്ചാല്‍ അള്ളാഹു സന്തോഷവാനായിരിക്കും,’ ബഷീര്‍ പറഞ്ഞു. ‘ഇന്ത്യയ്ക്ക് വേണ്ടി ആര്‍ത്തുവിളിക്കാന്‍ വേണ്ടി മാത്രമാണ് ചാച്ച എനിക്ക് ടിക്കറ്റ് എടുത്ത് തന്നത്. എല്ലാം നോക്കിയത് ചാച്ചയാണ്, എന്റെ താമസവും ഭക്ഷണവും എല്ലാം’, സുധീര്‍ പറഞ്ഞു.
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ തോല്‍പ്പിച്ച ശേഷം ആദ്യമായാണ് ഇന്ത്യ-പാക് മത്സരം കഴിഞ്ഞ ദിവസം നടന്നത്. മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. പാക്കിസ്ഥാൻ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ തുടക്കത്തിൽ തന്നെ ഭുവനേശ്വർ കുമാർ ഞെട്ടിച്ചു. നേരിട്ട ഏഴാം പന്തിൽ രണ്ട് റൺസുമായി ഇമാം ഉൾ ഹഖാണ് ആദ്യം ഭുവിക്ക് മുന്നിൽ വീണത്. പിന്നാലെ 9 പന്ത് നേരിട്ട ഫഖർ സമാൻ റണ്ണൊന്നുമെടുക്കാതെ ഭുവിക്ക് വിക്കറ്റ് നൽകി മടങ്ങി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഷൊയ്‌ബ് മാലിക്കും ബാബർ അസമും ചേർന്നുളള കൂട്ടുകെട്ട് പാക്കിസ്ഥാന്റെ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. 62 പന്തിൽ 47 റൺസെടുത്ത ബാബർ അസമിന്റെ വിക്കറ്റ് വീഴ്ത്തി കേദാർ ജാദവാണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
പിന്നീട് വന്ന സർഫ്രാസ് അഹമ്മദിനും ആസിഫ് അലിക്കും ഷദാബിനും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. വാലറ്റത്ത് ഫഹീം അഷ്റഫും (21), മുഹമ്മദ് ആമിറും (പുറത്താകാതെ 18) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.