ദുബൈ: ഹോങ്കോങ്ങല്ലേ, അവരെന്ത് കാട്ടാനാ എന്ന ഭാവത്തിലാണ് ഇന്നലെ ക്രിക്കറ്റ് പ്രേമികളെല്ലാം ഏഷ്യാ കപ്പ് മത്സരത്തെ കാണാനിരുന്നത്. എന്നാൽ പേരുകേട്ട ഇന്ത്യൻ ടീമിനെ നിർത്തിപ്പൊരിച്ച ഹോങ്കോങ്ങിന്റെ യുവനിര അക്ഷരാർത്ഥത്തിൽ കാണികളെയും ലോകക്രിക്കറ്റിനെയും കീഴടക്കി. ബോളുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ സംഘം ജയിക്കണമെന്ന് ആഗ്രഹിച്ചവരിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ പോലും ഉണ്ടായിരുന്നു.

ഏതായാലും കളി കഴിഞ്ഞപ്പോൾ ഹോങ്കോങ് ഏൽപ്പിച്ച ആഘാതത്തിൽ മനം തകർന്ന് ഇരിക്കുകയായിരുന്നില്ല ഇന്ത്യൻ ടീം. ലോക ക്രിക്കറ്റിലെ ഭാവി വാഗ്‌ദാനങ്ങളായ ഹോങ്കോങ്ങിനെ ഡ്രസിങ് റൂമിൽ ചെന്നു കണ്ടു അവർ.

മുൻ ക്യാപ്റ്റനും ടീമിലെ മുതിർന്ന താരവുമായ മഹേന്ദ്ര സിങ് ധോണിയും ക്യാപ്റ്റൻ രോഹിത് ശർമ്മയും ദിനേഷ് കാർത്തിക്കും ഭുവനേശ്വർ കുമാറും ആ സംഘത്തിലുണ്ടായിരുന്നു.

“പത്ത് വർഷമായി ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ട നിമിഷമാണിത്,” എഹ്‌സാൻ ഖാന്റെ ഈ മറുപടി ധോണിക്കൊപ്പം ഫോട്ടോയെടുക്കാനുളള ക്ഷണം ലഭിച്ചപ്പോഴാണ്. മത്സരത്തിൽ ധോണിയെ നേരിട്ട മൂന്നാം പന്തിൽ പൂജ്യത്തിന് പുറത്താക്കിയത് എഹ്‌സാൻ ഖാനാണ്. കളിക്കളത്തിലെ വീറുറ്റ പോരാട്ടമാണ് മനംകുളിർക്കുന്ന സൗഹൃദ സംഗമമായി മാറിയത്.

“അവരോട് സംസാരിക്കാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നുണ്ട്. അവർക്ക് ക്രിക്കറ്റിൽ നല്ല ഭാവി ആശംസിക്കുന്നു,” കൂടിക്കാഴ്ചയ്ക്ക് ശേഷം ഭുവനേശ്വർ കുമാർ പറഞ്ഞു. ഹോങ്കോങ് താരങ്ങൾക്ക് ഉപദേശങ്ങളും ഇന്ത്യൻ താരങ്ങൾ നൽകി. ഇന്ത്യൻ സംഘത്തിൽ ശിഖർ ധവാൻ, കെഎൽ രാഹുൽ, ജസ്‌പ്രീത് ബുമ്ര തുടങ്ങിയവരും ഉണ്ടായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ശിഖർ ധവാന്റെ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണ് ഇന്ത്യ നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് നിസാഖാത് ഖാന്റെ (93)യും , ക്യാപ്റ്റൻ അൻഷുമാൻ റാത്തിന്റെയും(73) മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 259 റൺസാണ് നേടിയത്. ഇന്ത്യ 26 റൺസിനാണ് വിജയിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook