ദുബൈ: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പാക്കിസ്ഥാൻ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർദ്ധസെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.

രോഹിത് ശർമ്മ 39 പന്തിൽ 51 റൺസെടുത്തു. 56 പന്ത് നേരിട്ട ശിഖർ ധവാൻ 46 റൺസുമായി മടങ്ങി. ദിനേഷ് കാർത്തിക്കും അമ്പാട്ടി റായുഡുവും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 31 റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു. രോഹിത് ശർമ്മയെ ഷദാബും ധവാനെ ഫഹീം അഷ്റഫിന്റെ പന്തിൽ ബാബർ അസം ക്യാച്ചെടുത്തുമാണ് പുറത്താക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ തുടക്കത്തിൽ തന്നെ ഭുവനേശ്വർ കുമാർ ഞെട്ടിച്ചു. നേരിട്ട ഏഴാം പന്തിൽ രണ്ട് റൺസുമായി ഇമാം ഉൾ ഹഖാണ് ആദ്യം ഭുവിക്ക് മുന്നിൽ വീണത്. പിന്നാലെ 9 പന്ത് നേരിട്ട ഫഖർ സമാൻ റണ്ണൊന്നുമെടുക്കാതെ ഭുവിക്ക് വിക്കറ്റ് നൽകി മടങ്ങി.

എന്നാൽ മൂന്നാം വിക്കറ്റിൽ ഷോയ്‌ബ് മാലിക്കും ബാബർ അസമും ചേർന്നുളള കൂട്ടുകെട്ട് പാക്കിസ്ഥാന്റെ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. 62 പന്തിൽ 47 റൺസെടുത്ത ബാബർ അസമിന്റെ വിക്കറ്റ് വീഴ്ത്തി കേദാർ ജാദവാണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

പിന്നീട് വന്ന സർഫറാസ് അഹമ്മദിനും ആസിഫ് അലിക്കും ഷദാബിനും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. വാലറ്റത്ത് ഫഹീം അഷ്റഫും (21), മുഹമ്മദ് ആമിറും(പുറത്താകാതെ 18) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ