ദുബായ്: എഷ്യാ കപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യയിന്ന് ഇറങ്ങുന്നു. എതിരാളികള്‍ ദുര്‍ബലരായ ഹോങ്കോങ്ങാണ്. കഴിഞ്ഞ തവണ ഇരുടീമും ഏറ്റുമുട്ടിയത് 2008ലാണ്. അന്ന് 256 റണ്‍സിനാണ് ഇന്ത്യ ഹോങ്കോങ്ങിനെ തകര്‍ത്തത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്നും ഇന്ത്യ തന്നെ ജയിക്കും. അതേസമയം, കഴിഞ്ഞ കുറച്ചു കാലമായി ചെറിയ ടീമുകള്‍ നടത്തി വരുന്ന മുന്നേറ്റം ഹോങ്കോങ്ങും ആവര്‍ത്തിക്കുകയാണെങ്കില്‍ മത്സരം രസകരമാകും.
ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് ഹോങ്കോങ് പരാജയപ്പെട്ടിരുന്നു. ഇതോടെ അടുത്ത മത്സരത്തിലെ ഇന്ത്യയുടെ എതിരാളികളായ പാകിസ്ഥാന്‍ ടോപ്പ് ഫോര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ചിരവൈരികളായ പാക് പടയെ നേരിടും മുമ്പുള്ള വാം അപ്പ് മത്സരമായിട്ടായിരിക്കും ഇന്ത്യ ഇന്നത്തെ കളിയെ കാണുന്നത്. പ്രധാനമായും കോഹ്‌ലിയില്ലാത്ത ബാറ്റിങ് നിരയായിരിക്കും ഇന്ത്യയ്ക്ക് ആശങ്കയാവുക.
ഓപ്പണിങ്ങില്‍ നായകന്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തന്നെയാകും ഇറങ്ങുക. വണ്‍ ഡൗണില്‍ കോഹ്‌ലിയില്ലാത്തതിനാല്‍ ആരിറങ്ങും എന്നതാണ് കണ്ടറിയേണ്ടത്. കെ.എല്‍.രാഹുലോ അമ്പാട്ടി റായിഡുവോ ആകും ഈ സ്ഥാനത്ത് ഇറങ്ങുക. എന്നാല്‍ ഇംഗ്ലണ്ടിലെ പ്രകടനം രാഹുലിന് പ്രതീക്ഷ നല്‍കുന്നതാണ്. നാലാം സ്ഥാനത്തേക്ക് മനീഷ് പാണ്ഡെയോ എം.എസ്.ധോണിയോ ആകുമെന്നാണ് കരുന്നത്. ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ സമയമെടുക്കുന്നതിനാല്‍ ധോണിയെ നേരത്തേ ഇറക്കേണ്ടത് അനിവാര്യമാണ്.
പിന്നാലെ കേദാര്‍ ജാദവും ഏഴാമനായി ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇറങ്ങും. മാച്ച് ഫിനിഷ് ചെയ്യാനുള്ള ഉത്തരവാദിത്വം പാണ്ഡ്യയിലും ജാദവിലുമാകും. പേസര്‍ ഭുവനേശ്വറിന് മടങ്ങി വരവിനുള്ള അവസരം നല്‍കുകയായിരിക്കും ഇന്ത്യയുടെ മറ്റൊരു പദ്ധതി. പരുക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബുംറയെ ഇന്ന് ഇറക്കാനുള്ള സാധ്യത കുറവാണ്. പാക്കിസ്ഥാനെതിരെ ബുംറയെ ഇന്ത്യയ്ക്ക് ഏറെ അത്യാവശ്യമാണ്. അതുകൊണ്ട് പുതുമുഖ താരം ഖലീല്‍ അഹമ്മദിന് നറുക്കു വീഴാനാണ് സാധ്യത.
സ്പിന്നര്‍മാരില്‍ സ്പിന്‍ ട്വിന്‍സായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ടീമിലുണ്ടാകും. ഇരുവരുടേയും കോമ്പിനേഷന്‍ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുള്ളതാണ്. കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ടിലെ പരാജയത്തില്‍ നിന്നും തിരികെ കൊണ്ടു വരിക എന്നതാണ് രോഹിത്തിന്റെ പ്രധാന ഉത്തരവാദിത്വം. വലിയ മാര്‍ജിനില്‍ ജയിച്ച് ആത്മവിശ്വാസം ഉറപ്പിക്കുകയാവും രോഹിത്തിന്റെ ലക്ഷ്യം.