മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയാകും ടീമിനെ നയിക്കുക. ശിഖര്‍ ധവാനാണ് ഉപനായകന്‍. യുഎഇയില്‍ വച്ച് സെപ്റ്റംബര്‍ 15 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. ടീമിലെ ഏക പുതുമുഖം രാജസ്ഥാനില്‍നിന്നുള്ള ഇരുപതുകാരന്‍ താരം ഖലീല്‍ അഹമ്മദാണ്.

ഇന്ത്യയുടെ പ്രധാന പേസറായ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരികെ എത്തിയിട്ടുണ്ട്. അമ്പാട്ടി റായിഡു, മനീഷ് പാണ്ഡ്യ, കേദാര്‍ ജാദവ് തുടങ്ങിയവരും ടീമിലുണ്ട്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം മൂന്നാം സ്പിന്നറായി അക്‌സര്‍ പട്ടേലും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇക്കുറിയും ടീമില്‍ ഇടമില്ല.

പാക്കിസ്ഥാനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമാണ് ഈ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ഈ ടീമുമായി സെപ്റ്റംബര്‍ പതിനെട്ടിനാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ഇതിന്റെ പിറ്റേന്ന് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം.

ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡ്യ, കേദാര്‍ ജാദവ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഷാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ