‘പ്രൊഫഷണല്‍ താരങ്ങള്‍ എന്ന നിലയില്‍, എത്ര സമയത്തിനുള്ളിലാണെങ്കിലും അടുത്ത മത്സരത്തിന് സജ്ജരാവുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. 16 മണിക്കൂറായാലുംം 10 മണിക്കൂറായാലും ശരി. ഇപ്പൊഴെങ്കില്‍ ഇപ്പോള്‍ തന്നെ കളിക്കാനും തയ്യാറാണ്. 16 മണിക്കൂറൊക്കെ ധാരാളമാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഞങ്ങളുടെ ഫിറ്റ്‌നസ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്” ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് റാഷിദ് ഖാന്‍ പറഞ്ഞതാണ്. തൊട്ടടുത്ത ദിവസം തന്നെ കരുത്തരായ പാക്കിസ്ഥാനെ നേരിടുന്നതിനെ കുറിച്ചായിരുന്നു റാഷിദിന്റെ വാക്കുകള്‍.

കഴിഞ്ഞ ആറ് മാസത്തിനിടെ അഫ്ഗാന്‍ താരങ്ങളുടെ ഫിറ്റ്‌നസിലുണ്ടായ നല്ല മാറ്റത്തിന് അവര്‍ കടപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ നായകനോടാണ്. കോഹ്‌ലിയുടെ ഫിറ്റ്‌നസ് ഫിലോസഫി റാഷിദ് ഖാനിലൂടെ അഫ്ഗാന്‍ താരങ്ങളിലേക്ക് എത്തുകയായിരുന്നു എന്നു വേണം പറയാന്‍. കഴിഞ്ഞ കുറച്ച് നാളുകളായി അഫ്ഗാന്‍ ക്രിക്കറ്റ് ലോകത്തുണ്ടാക്കിയിട്ടുള്ള കുതിപ്പ് സമാനതകളില്ലാത്തതാണ്. ചിട്ടയായ പരിശീലനവും ഫിറ്റ്‌നസുമാണ് നേട്ടങ്ങള്‍ക്ക് പിന്നിലെന്നാണ് റാഷിദ് പറയുന്നത്.

കഴിഞ്ഞ ലോകകപ്പിന് ശേഷമാണ് ഫിറ്റ്‌നസിനെ കുറിച്ച് അഫ്ഗാന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങുന്നത്. പതിയെ യോയോ ടെസ്റ്റ് പരിശീലനത്തിന്റെ ഭാഗമായി മാറി. ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് അളക്കുന്നതില്‍ യോയോ ടെസ്റ്റിനുള്ള റോള്‍ തന്നെയായിരുന്നു അങ്ങനൊരു തീരുമാനത്തിലേക്ക് അഫ്ഗാനേയും എത്തിച്ചത്. 17.3 ആണ് യോയോ ടെസ്റ്റില്‍ ബെഞ്ച് മാര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. ചിലര്‍ 18 ക്രോസ് ചെയ്ത് കഴിഞ്ഞതായും അഫ്ഗാന്‍ പരിശീലകന്‍ ഹംകര്‍ പറയുന്നു.

റാഷിദിന്റെ ഫിറ്റ്‌നസ് ഫ്രീക്ക് മൈന്റ് സെറ്റ് മറ്റുള്ളവരിലേക്കും കടന്നു വരികയായിരുന്നു. ഐപിഎല്ലിലും ട്വന്റി-20 ലീഗുകളിലും കളിച്ചുള്ള പരിചയമാണ് റാഷിദിന് ഫിറ്റ്‌നസിനെ കുറിച്ച് ഇത്ര ആശങ്കയുള്ളവനാക്കി മാറ്റിയത്. താരത്തിന്റെ പ്രകടനത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഡെത്ത് ഓവറുകളില്‍ സംഹാരം വിതയ്ക്കാന്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും താരത്തിന് കഴിയുന്നുണ്ട്. വിരാട് കോഹ്‌ലിയാണ് റാഷിദിന്റെ ഐഡല്‍. വിരാടിനെ പോലെ ഫിറ്റ് ആയിരിക്കണമെന്ന ആഗ്രഹം താരത്തെ ഒരു ഫിറ്റ്‌നസ് ഫ്രീക്കാക്കി മാറ്റിയെന്നും അത് മറ്റുള്ളവരും പിന്തുടരുകയായിരുന്നുവെന്നും മാനേജര്‍ പറയുന്നു.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി താരങ്ങളുടെ ഭക്ഷണക്രമത്തിലും പരിശീലനത്തിലും ജിം വര്‍ക്കൗട്ടിലുമെല്ലാം കൃത്യമായ നിബന്ധനകളും നിർദേശങ്ങളുമുണ്ട് ഇപ്പോള്‍. കളി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എങ്ങനെ പരിശീലനം നടത്തണമെന്നും ഫിറ്റ്‌നസ് എങ്ങനെ നിലനിര്‍ത്തണമെന്നും കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, അഫ്ഗാന് ബിസിസിഐ നല്‍കുന്ന പിന്തുണയേയും അദ്ദേഹം അഭിനന്ദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ