ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിശ്രമത്തിലാണ്. ഇംഗ്ലണ്ടിൽ നടന്ന മൽസരങ്ങളിൽ കോഹ്‌ലിയെ നടുവേദന അലട്ടിയിരുന്നു. വെസ്റ്റ് ഇൻഡീസുമായുളള ആഭ്യന്തര മൽസരങ്ങളിലും ഓസ്ട്രേലിയൻ ടൂറിലും കോഹ്‌ലി സാന്നിധ്യം ഇന്ത്യൻ ടീമിൽ ഉണ്ടാവേണ്ടതുണ്ട്. ഇതേ തുടർന്നാണ് ഏഷ്യ കപ്പിനുളള ടീമിൽനിന്നും കോഹ്‌ലിയെ ഒഴിവാക്കി വിശ്രമം അനുവദിച്ചത്. കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിന്റെ നായകൻ.

വിശ്രമത്തിലായതിനാൽ ഏഷ്യ കപ്പിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ മൽസരം കോഹ്‌‌ലിക്ക് നഷ്ടമായി. ബുധനാഴ്ച നടന്ന മൽസരത്തിൽ ഇന്ത്യ 8 വിക്കറ്റിന് പാക്കിസ്ഥാനെതിരെ ജയം നേടിയിരുന്നു. മൽസരത്തിനു മുൻപായി പാക്കിസ്ഥാനിലെ എആർവൈ ന്യൂസും ഇന്ത്യയിലെ എബിപി ന്യൂസും മൽസരത്തെക്കുറിച്ചുളള സംവാദം സംഘടിപ്പിച്ചു. പാക് മുൻതാരം തൻവീർ അഹമ്മദും ഇന്ത്യൻ താരം ഗൗതം ഗംഭീറുമാണ് ചർച്ചയിൽ പങ്കെടുത്തത്.

ചർച്ചയ്ക്കിടെ ഏഷ്യ കപ്പിൽനിന്നും വിരാട് കോഹ്‌ലി വിട്ടുനിൽക്കുന്നതിനെക്കുറിച്ച് തൻവീർ പറഞ്ഞൊരു കാര്യം ഗംഭീറിനെ ചൊടിപ്പിച്ചു. കോഹ്‌ലിയെ ഒളിച്ചോടിയവൻ എന്നാണ് തൻവീർ വിളിച്ചത്.

”വിരാട് കോഹ്‌ലി ഒളിച്ചോടുകയായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന മുഴുവൻ മൽസരങ്ങളിലും കോഹ്‌ലി കളിച്ചു. ഏകദിന മൽസരങ്ങളിൽ കോഹ്‌ലിയെ നടുവേദന അലട്ടിയിരുന്നു. എന്നിട്ടും കോഹ്‌ലി കളിച്ചു. നടുവേദന സഹിച്ചും ഇംഗ്ലണ്ടിൽ നടന്ന മൽസരങ്ങളിൽ ഇന്ത്യയ്ക്കു വേണ്ടി കോഹ്‌ലിക്ക് കളിക്കാനായെങ്കിൽ ഏഷ്യ കപ്പിലും കളിക്കാൻ സാധിക്കും. പാക്കിസ്ഥാനെതിരെ ഫൈനൽ ഉൾപ്പെടെ മൂന്നു തവണ ഇന്ത്യയ്ക്ക് കളിക്കേണ്ടി വരുമെന്ന് കോഹ്‌ലിക്ക് അറിയാമായിരുന്നു. അതിനാലാണ് കോഹ്‌ലി ഒളിച്ചോടിയത്”, തൻവീർ പറഞ്ഞു.

തൻവീറിന്റെ അഭിപ്രായത്തിന് ഗംഭീർ ചുട്ട മറുപടിയാണ് നൽകിയത്. ”കോഹ്‌ലിയുടെ പേരിൽ 35-36 സെഞ്ചുറികളുണ്ട്. തൻവീറിന് സ്വന്തം പേരിൽ പറയാൻ 35 ഏകദിന മൽസരങ്ങൾ പോലുമില്ല”, ഗംഭീറിന്റെ മറുപടിയിൽ സംവാദം അവസാനിച്ചുപോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook