ഏഷ്യ കപ്പ് ഉയർത്തുന്നത് ആരെന്ന് ഇന്നറിയാം. ഫൈനലിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് മത്സരം. ഫൈനലിൽ ബംഗ്ലാ കടുവകളെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഓപ്പണർ ശിഖർ ധവാൻ. ബംഗ്ലാദേശിനെ നിസാരക്കാരായി കാണരുതെന്നാണ് ധവാൻ ടീം അംഗങ്ങളോട് പറഞ്ഞിരിക്കുന്നത്.

സൂപ്പർഫോറിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെ 37 റൺസിന് തകർത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. ”ബംഗ്ലാദേശിനെ നിസാരമായി കാണാനാവില്ല. പാക്കിസ്ഥാനെ പോലൊരു മികച്ച ടീമിനെയാണ് അവർ പരാജയപ്പെടുത്തിയത്”, വാർത്താസമ്മേളനത്തിൽ ധവാൻ പറഞ്ഞു. ”പേപ്പറിലെ ടീമുകളുടെ പേരും മൈതാനത്ത് കളിക്കാർ കളിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മൈതാനത്ത് ഏതു ടീമാണോ മികച്ച രീതിയിൽ കളിക്കുന്നത്, അവരായിരിക്കും മികച്ച ടീമെന്ന പേരെടുക്കുക”, ധവാൻ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ബംഗ്ലാദേശ് ടീമിന്റെ വളർച്ചയെക്കുറിച്ച് പറഞ്ഞ ധവാൻ ബിഗ് ടീമിനെ നേരിടുന്നതിൽ അവർക്ക് പേടിയില്ലെന്നും പറഞ്ഞു. ”ബംഗ്ലാദേശിന് ഗ്രൗണ്ട് സപ്പോർട്ട് കൂടുതലാണ്. മാത്രമല്ല തുർച്ചയായി മത്സരങ്ങൾ കളിക്കുന്നുണ്ട്. അവരുടെ പക്കൽ അനുഭവ പരിചയമുളള ഒട്ടേറെ കളിക്കാരുണ്ട്. അവർക്ക് കളിയുടെ സ്ട്രാറ്റജിയെക്കുറിച്ച് നന്നായിട്ട് അറിയാം. സമ്മർദ്ദം ഉണ്ടെങ്കിൽപ്പോലും എങ്ങനെ അതിനെ മറികടന്ന് കളിക്കണമെന്ന് ഈ താരങ്ങൾക്ക് അറിയാം. അതിനാൽ തന്നെ വലിയ ടീമിനോടാണ് കളിക്കുന്നതെന്ന ഭയം അവർക്കില്ല”.

”ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് 18 വർഷമേ ആയിട്ടുളളൂ. അവർക്ക് ചിലപ്പോൾ സമയം വേണ്ടി വന്നേക്കും (ഫൈനൽ ജയിക്കാൻ). ചിലപ്പോൾ വളരെ കുറച്ച് സമയം കൊണ്ട് ടീമുകൾക്ക് ഫൈനലിൽ എത്താൻ കഴിയും. ഇതൊക്കെയാണെങ്കിലും ഫൈനലിൽ ഇന്ത്യ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം”, ധവാൻ പറഞ്ഞു.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook