ദുബായ്: ഏഷ്യാകപ്പിൽ ഇന്ത്യ ഉൾപ്പെട്ട ബി ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ വിയർപ്പൊഴുക്കാതെ പാക്കിസ്ഥാന് ജയം. ഹോങ്കോങ്ങിനെ എട്ട് വിക്കറ്റിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് 116 റൺസിന് എല്ലാവരും പുറത്തായി. പാക്കിസ്ഥാൻ 24-ാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു.

പുറത്താകാതെ അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്‍റെ (50) ബാറ്റിങ്ങും മൂന്ന് വിക്കറ്റ് നേടിയ ഉസ്‌മാന്‍ ഖാന്റെ ബോളിങ് പ്രകടനവും പാക്കിസ്ഥാന് അനായാസ വിജയം സമ്മാനിച്ചു. ഫഖാര്‍ സമാന്‍ (24), ബാബര്‍ അസം (33) എന്നിവരുടെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. ഒമ്പത് റണ്‍സെടുത്ത് ഷൊയിബ് മാലിക്ക് പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് പാക് ബോളിങ്ങിന് മുന്നിൽ ഒന്നടങ്കം തകര്‍ന്നുവീഴുകയായിരുന്നു. 37.1 ഓവറില്‍ 116 റണ്‍സില്‍ ഹോങ്കോങ്ങിന്റെ എല്ലാ ബാറ്റ്സ്‌മാന്മാരും പുറത്തായി.  27 റണ്‍സെടുത്ത ഐസാസ് ഖാനാണ് ടോപ് സ്‌കോറര്‍. നായകന്‍ ക്രിസ്റ്റഫര്‍ കാര്‍ട്ടറിന് രണ്ട് റണ്‍സെടുക്കാനേ ആയുള്ളൂ. ഓപ്പണര്‍മാരായ നിസാഖത്ത് ഖാന്‍ (13), അന്‍ഷുമാന്‍ റാത്ത് (19) റണ്‍സെടുത്ത് പുറത്തായി.

വിക്കറ്റ് നഷ്ടപ്പെടാതെ ഏഴോവറിൽ 31 റൺസ് എന്ന നിലയിലായിരുന്ന ഹോങ്കോങ് പിന്നീട് അഞ്ച് വിക്കറ്റിന് 44 റണ്‍സ് എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലേക്ക് വീണു. പിന്നീട് കഠിനാദ്ധ്വാനം നടത്തിയാണ് ടീം 100 കടന്നത്. ബാബര്‍ ഹയാത്ത് (7), കിന്‍ചിത് ഷാ (26), എഹ്‌സാന് ഖാന്‍ ‍(0), സ്‌കോട്ട് (0), തന്‍വീര്‍ അഫ്‌സല്‍ ‍(0), എഹ്‌സാന്‍ നവാസ് (9) എന്നിങ്ങനെയാണ് താരങ്ങളുടെ സ്‌കോര്‍.

ഒമ്പത് റണ്‍സുമായി നദീം അഹമ്മദ് പുറത്താകാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഹസന്‍ അലിയും ഷദാബ് ഖാനും രണ്ട് വിക്കറ്റും ഫഹീം അഷ്‌റഫ് ഒരു വിക്കറ്റും വീഴ്‌ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook