Latest News

കോവിഡിനെതിരെ പൊരുതുന്ന കുടുംബത്തിനൊപ്പം നിൽക്കണം; ഐപിഎല്ലിൽ ഇടവേളയെടുത്ത് അശ്വിൻ

“കാര്യങ്ങൾ ശരിയായ ദിശയിൽ പോയാൽ മടങ്ങിവരാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി ഡൽ‌ഹി ക്യാപിറ്റൽസ്,” അശ്വിൻ കൂട്ടിച്ചേർത്തു

Ravichandran Ashwin, ashwin, ipl 2021, indian premier league, ashwin break, ashwin corona, ashwin covid-19, അശ്വിൻ, ആർ അശ്വിൻ, ഐപിഎൽ, കോവിഡ്, ie malayalam

കോവിഡ് രോഗബാധയെത്തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന തന്റെ കുടുംബത്തിനൊപ്പം നിൽക്കുന്നതിനായി ഐ‌പി‌എല്ലിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് സീനിയർ ഓഫ് സ്പിന്നർ ആർ അശ്വിൻ. തന്റെ കുടുംബം നിലവിൽ കോവിഡ് -19 നെതിരെ പോരാടുകയാണെന്നും അവരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും അശ്വിൻ പറഞ്ഞു.

“കാര്യങ്ങൾ ശരിയായ രീതിയിൽ പോയാൽ” ടീമിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സീസണിൽ ഡൽഹി കാപിറ്റൽസിനു വേണ്ടി കളിക്കുന്ന 34 കാരനായ താരം പറഞ്ഞു.

“ഈ വർഷത്തെ ഐ‌പി‌എല്ലിൽ നിന്ന് നാളെ മുതൽ ഞാൻ ഇടവേള എടുക്കും. എന്റെ കുടുംബവും ബന്ധുക്കളും കോവിഡ് 19നെതിരെ പോരാടുകയാണ്, ഈ ദുഷ്‌കരമായ സമയങ്ങളിൽ അവരെ പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ഞായറാഴ്ച രാത്രി സൺ‌റൈസേഴ്‌സ് ഹൈദരാബാദ്-ഡൽഹി കാപിറ്റൽസ് മത്സരം പൂർത്തിയാക്കിയ ശേഷം അശ്വിൻ ട്വീറ്റ് ചെയ്തു.

Read More: കോവിഡ് വ്യാപനം: ഐപിഎല്ലിൽനിന്ന് വിദേശ താരങ്ങൾ പിന്മാറുന്നു

“കാര്യങ്ങൾ ശരിയായ ദിശയിൽ പോയാൽ കളിക്കാനായി മടങ്ങിവരാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി ഡൽ‌ഹി ക്യാപിറ്റൽസ്,” അശ്വിൻ കൂട്ടിച്ചേർത്തു.

അശ്വിന്റെ അടുത്ത ഒരു ബന്ധുവിന് കോവിഡ് ബാധയെത്തുടർന്ന് ആരോഗ്യസ്ഥിതി മോശമായതായി വിവരമുണ്ട്.

ഇടവേളയിൽ പോവുന്നതിന് ഡൽഹി കാപിറ്റൽസ് അശ്വിന് പൂർണ പിന്തുണ അറിയിച്ചു.

“ഈ ദുഷ്‌കരമായ സമയങ്ങളിൽ ഞങ്ങളുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് നൽകുന്നു, അശ്വിൻ. ഡൽഹി കാപിറ്റൽസിൽ നിന്നുള്ള എല്ലാവരിൽ നിന്നും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി എല്ലാ പ്രാർത്ഥനയും, ”ഡിസി ട്വീറ്റ് ചെയ്തു.

Read More: ബുംറയെക്കാൾ കേമൻ സിറാജ്; സിറാജിനെ പുകഴ്ത്തി മുൻ ഇന്ത്യൻ പേസർ

കുടുംബത്തിൽ കോവിഡ് രോഗബാധയുണ്ടായത് കാരണം ലീഗിൽ നിന്ന് പിന്മാറിയ ആദ്യത്തെ ഇന്ത്യൻ കളിക്കാരനാണ് അശ്വിൻ.

ഐപിഎല്ലിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബയോ-ബബിൾ ക്രമീകരണങ്ങൾ നടപ്പാക്കുന്നുണ്ട്. ഇടവേളക്ക് ശേഷം അശ്വിൻ മടങ്ങിവന്നാലും ഐപിഎല്ലിൽ ഇറങ്ങുന്നതിന് മുൻപായി ക്വാറന്റൈൻ പൂർത്തിയാക്കേണ്ടി വരും.

കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുന്നതിൽ അശ്വിൻ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

“എന്റെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാണുമ്പോൾ ഹൃദയം തകരുന്നു! ഞാൻ ആരോഗ്യസംരക്ഷണ രംഗത്തുള്ള ഒരാളല്ല, പക്ഷേ ആ രംഗത്തുള്ള ഓരോരുത്തരോടും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും ഓരോ ഇന്ത്യക്കാരോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ പ്രതിദിനം 3 ലക്ഷത്തിലധികം കോവിഡ് കേസുകൾ രേഖപ്പെടുത്തുന്നുണ്ട്. ഓക്സിജന്റെ കുറവും ചില നിർണായക മരുന്നുകളുടെ ക്ഷാമവും അടക്കമുള്ള പ്രശ്നങ്ങൾ ആരോഗ്യ രംഗം നേരിടുന്നത് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ashwin takes break from ipl to support family in fight against covid 19

Next Story
IPL 2021 PBKS vs KKR: വിജയലക്ഷ്യം അനായാസമായി മറികടന്ന്; അഞ്ച് വിക്കറ്റ് ജയവുമായി കൊൽക്കത്ത
The moderation of comments is automated and not cleared manually by malayalam.indianexpress.com