ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ വലിയ വിവാദങ്ങളിലൊന്നായിരുന്നു കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറെ പഞ്ചാബിന്റെ ഇന്ത്യൻ താരം ആർ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. പഞ്ചാബിന്റെ നായകൻ കൂടിയായിരുന്ന അശ്വിന്റെ മങ്കാദിങ്ങിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയതോടെ ക്രിക്കറ്റ് ലോകം തന്നെ രണ്ട് തട്ടിലായി. ഒരു വർഷത്തിനിപ്പുറവും ആ വിവാദം കെട്ടടങ്ങുന്നില്ല.

മുൻ ഓസിസ് താരം ഗ്ലെൻ മഗ്രാത്തിന്റെ വാക്കുകളാണ് അശ്വിന്റെ മങ്കാദിങ്ങിനെ വീണ്ടും സജീവമാക്കുന്നത്. ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം മങ്കാദിങ്ങിനെ പ്രതികൂലിച്ചിരുന്നു. താരത്തോട് ചേദിച്ച 25 ചോദ്യങ്ങളിലൊന്നിനുള്ള ഉത്തരത്തിലാണ് മഗ്രാത്ത് മങ്കാദിങ്ങിന് പ്രതികൂലമായി സംസാരിച്ചത്.

Also Read: അത്ര കൂളൊന്നുമല്ല; ധോണിയുടെ നിയന്ത്രണം നഷ്ടപ്പെട്ട നിമിഷത്തെക്കുറിച്ച് കുൽദീപ് യാദവ്

“ലോകകപ്പ് ഫൈനലാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾക്ക് ജയിക്കാൻ ഒരു വിക്കറ്റ് കൂടി വേണം. എതിർ ടീമിന് രണ്ടു റൺസും. ഇത്തരമൊരു ഘട്ടത്തിൽ മങ്കാദിങ്ങിലൂടെ എതിരാളിയെ പുറത്താക്കാൻ അവസരം ലഭിച്ചാൽ പ്രയോജനപ്പെടുത്തുമോ?” ഓസിസ് താരത്തോടുള്ള ചോദ്യമിങ്ങനെ. ഇല്ല എന്നായിരുന്നു ഗ്ലെൻ മഗ്രാത്തിന്റെ ഉത്തരം.

ഈ ഉത്തരം അശ്വിനെ ടാഗ് ചെയ്ത് അഹമ്മദ് എന്നൊരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അശ്വിനെ പ്രകോപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ട്വിറ്റെന്ന വ്യക്തം. ഇത് ശ്രദ്ധയിൽപ്പെട്ട മുൻ ഇന്ത്യൻ താരം ഉടൻ തന്നെ മറുപടിയുമായി രംഗത്തെത്തി.

“സർ, ക്രിക്കറ്റ് കളിച്ചിട്ടുള്ളവരിൽ വച്ച് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മഗ്രാത്ത്. ഈ ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തെ ഏറ്റവും ബഹുമാനത്തോടെ തന്നെ കാണുന്നു. പക്ഷേ, അദ്ദേഹം പറഞ്ഞത് മാത്രമാണ് ശരിയെന്ന് എന്നിൽ അടിച്ചേൽപ്പിക്കുന്നത് നിങ്ങളുടെ ഭാഗത്തുനിന്നുള്ള പിഴവാണ്,” അശ്വിൻ മറുപടിയായി കുറിച്ചു.

പഞ്ചാബിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടയിലാണ് ബട്‌ലറെ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കുന്നത്. 43 പന്തി പത്ത് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 69 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. അപ്പോൾ മുതൽ അശ്വിനെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇത്തവണ പഞ്ചാബിൽ നിന്നും താരം ഡൽഹിയിലെത്തി. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിൽ ഐപിഎല്ലിന്റെ 13-ാം സീസൺ അനിശ്ചിതത്വത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook