ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിനും ഇടം നേടി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ന്യൂസിലാൻഡ് പേസർ കെയ്ൽ ജാമിസൺ, ശ്രീലങ്കൻ ഓപ്പണർ ദിമുത് കരുണരത്നെ എന്നിവരാണ് നോമിനേഷൻ നേടിയ മറ്റുള്ളവർ.
ചെന്നൈയിൽ നിന്നുള്ള 35കാരനായ അശ്വിൻ കഴിഞ്ഞ ഒരു വർഷം എട്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 16.23 ശരാശരിയിൽ 52 വിക്കറ്റുകളും ബാറ്റിങിൽ ഒരു സെഞ്ചുറിയോടെ 28.08 ശരാശരിയിൽ 337 റൺസുംമാണ് നേടിയത്. ജനുവരി 24 നാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക.
ഇന്ത്യയുടെ ഈ വർഷത്തെ ഓവർസീസ് വിജയങ്ങളിൽ മുഖ്യ പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് അശ്വിൻ. ഈ വർഷം ആദ്യം നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലും അവസാനം നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും മികച്ച പ്രകടനമാണ് അശ്വിൻ കാഴ്ചവെച്ചത്. ഇംഗ്ലണ്ടിൽ നാല് ടെസ്റ്റിൽ നിന്ന് 14.72 ശരാശരിയിൽ 32 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ ബാറ്റ് കൊണ്ട് 189 റൺസും സ്വന്തമാക്കിയിരുന്നു.
ന്യൂസീലൻഡിനെതിരെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ നാല് വിക്കറ്റും. ഇന്ത്യയിൽ നടന്ന പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റും അശ്വിൻ നേടിയിട്ടുണ്ട്.
Also Read: IND vs SA First Test, Day 3: ഇന്ത്യയെ എറിഞ്ഞിട്ട് എന്‍ഗിഡി; 327 റണ്‍സിന് പുറത്ത്
ആകെ 13 വ്യക്തിഗത പുരസ്‌കാരങ്ങളാണ് ഐസിസി ഓരോ വർഷവും നൽകുക. പുരുഷ-വനിതാ ടീമുകൾക്കായി അഞ്ച് ടീം ഓഫ് ദി ഇയർ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും.
പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി, മികച്ച വനിതാ ക്രിക്കറ്റർക്കുള്ള റേച്ചൽ ഹെയ്‌ഹോ ഫ്ലിന്റ് ട്രോഫി, പുരുഷ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ, വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ, പുരുഷന്മാരുടെ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ, വനിതാ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ, എമേർജിംഗ് വുമൺസ് ക്രിക്കറ്റർ ഓഫ് ദി ഇയർ, എമർജിംഗ് വുമൺസ് ക്രിക്കറ്റർ ഓഫ് ദ ഇയർ, വുമൺസ് അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ, സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ്, അമ്പയർ ഓഫ് ദ ഇയർ, എന്നിവയാണ് മറ്റ് വ്യക്തിഗത വിഭാഗങ്ങൾ.