ന്യൂസിലെന്റിനെതിരായ വിടവാങ്ങല്‍ മത്സരത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയത് ആശിഷ് നെഹ്റ തന്നെയായിരുന്നു. കിട്ടേണ്ടിയിരുന്ന രണ്ട് വിക്കറ്റുകള്‍ കൈവിട്ട് പോയെങ്കിലും മത്സരത്തിലുടനീളം മികച്ച പ്രകടനം നെഹ്റ കാഴ്ച്ചവെച്ചു. അതിലൊന്നായിരുന്നു ശ്രദ്ധേയമായ ഫീല്‍ഡിംഗും. ചാഹല്‍ എറിഞ്ഞ 17ാം ഓവറിലായിരുന്നു സംഭവം.

ടിം സൗത്തി പിറകിലേക്ക് അടിച്ച പന്ത് ബൗണ്ടറിക്ക് തൊട്ടടുത്ത് എത്തിയെങ്കിലും നെഹ്റ പന്ത് കാല്‍ വെച്ച് തടയുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം പന്ത് നെഹ്റയുടെ കൈകള്‍ക്കുളളില്‍ എത്തുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി അടക്കം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആര്‍പ്പുവിളിയോടെയാണ് നെഹ്റയുടെ ഫീല്‍ഡിംഗിനെ വരവേറ്റത്. ആര്‍ത്തുവിളിച്ച കാണികളും നെഹ്റയെ അഭിനന്ദിച്ചു.

തന്റെ പ്രായവും പരിചയ സമ്പത്തും യുവാരങ്ങൾക്ക് പകർന്നു നൽകുന്ന നെഹ്റയുടെ സാന്നിദ്ധ്യം പലപ്പോഴും ധോണിക്കും കൊഹ്ലിക്കും ആശ്വാസമായിരുന്നു. അവസാന ഓവറുകളിൽ ഫീൽഡ് സെറ്റു ചെയ്യുന്നതിലും എങ്ങനെ പന്തെറിയണമെന്ന് ബൗളർമാർക്ക് ഉപദേശം നൽകുന്നതിലും നെഹ്റ കാട്ടിയ പക്വതയും ശ്രദ്ധേയമാണ്.
2016ൽ ഇന്ത്യയിൽ നടന്ന ട്വന്റി 20 ലോകകപ്പിലേക്ക് 36-ാം വയസ്സിൽ നെഹ്റയെ തിരിച്ചുവിളിക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചത് പരിചയസമ്പത്തും പ്രായം തളർത്താത്ത പോരാട്ട വീര്യവുമാണ്. ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് നെഹ്റ നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook