ബുധനാഴ്ച ന്യൂസിലൻഡിനെതിരായ ട്വന്റി 20 മത്സരത്തോടെയാണ് ആശിഷ് നെഹ്റ തന്റെ 18 വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിട പറഞ്ഞത്. മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ ജയത്തോടെ തുടങ്ങുകയും ചെയ്തു. നെഹ്റയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സഹതാരങ്ങളും ആരാധകരും ഒന്നടങ്കം നെഹ്റ ഇന്ത്യന്‍ ടീമിനായി പ്രയത്നിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുത്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരമായിരുന്ന ഹേമങ്ക് ബദാനിയും അപൂർവമായൊരു സംഭവമാണ് ഓര്‍ത്തെടുത്തത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ മുതല്‍ വിരാട് കോഹ്‌ലി വരെ നിരവധി നായകന്മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുളള നെഹ്റയെ കുറിച്ച് ഒരു വിഡിയോയിലാണ് ബദാനി വാചാലനാവുന്നത്.

നിര്‍ണായകമായ അവസാന ഓവറുകളില്‍ നായകന്മാര്‍ക്ക് ഏറെ വിശ്വാസമുളള ബോളറാണ് നെഹ്റ. 2004ല്‍ കറാച്ചിയില്‍ വച്ച് പാക്കിസ്ഥാനെതിരെ നടന്ന പരമ്പരയിലെ ഒരു സംഭവമാണ് ബദാനി ഓര്‍ത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 349 റണ്‍സാണ് അടിച്ചു കൂട്ടിയത്. എന്നാല്‍ ഒരു റണ്‍മല ഉയര്‍ത്തി വച്ചിട്ടും ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ ഭീഷണിയായ ഇന്‍സമാം ഉല്‍ ഹഖ് 10 പന്തില്‍ 122 റണ്‍സ് നേടി പാക്കിസഥാനെ ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് നയിച്ചു. 73 റണ്‍സെടുത്ത യൂസഫ് യുഹാനയും ആതിഥേയരെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു.

അവസാന ഓവറില്‍ വെറും 9 റണ്‍സ് മാത്രമായിരുന്നു പാക്കിസ്ഥാന് വേണ്ടിയിരുന്നത്. ആര്‍ക്ക് അവസാന ഓവര്‍ കൊടുക്കണം എന്ന് നായകനായ സൗരവ് ഗാംഗുലി ശങ്കിച്ച് നില്‍ക്കുമ്പോഴാണ് നെഹ്റ ഓടി വന്നതെന്ന് ബദാനി പറയുന്നു. ‘ദാദാ, ഞാന്‍ പന്തെറിയാം. നിങ്ങള്‍ പേടിക്കണ്ട, ഞാന്‍ കളി വിജയിപ്പിക്കും’, നെഹ്റ ഇക്കാര്യം പറഞ്ഞപ്പോള്‍ ഗാംഗുലിയും മറ്റൊന്നും ചിന്തിച്ചില്ല. വിശ്വസ്തതയോടെ നെഹ്റയെ അവസാന ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ചു. അതുവരെ വീറോടെ പൊരുതിയിരുന്ന പാക്കിസ്ഥാന്‍ അവസാന ഓവറില്‍ കിതച്ചു. വെറും മൂന്ന് റണ്‍സ് മാത്രമാണ് നെഹ്റ ആ ഓവറില്‍ വിട്ടു നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചോര പൊടിയുന്നതും കാത്ത് ആര്‍ത്തുവിളിച്ച പാക്കിസ്ഥാന്‍ ആരാധകരെ സാക്ഷിയാക്കി ഇന്ത്യ അന്ന് അഞ്ച് റണ്‍സിന് വിജയിക്കുകയും ചെയ്തു.

പേസർമാർക്കു ദീർഘായുസ്സുണ്ടാകില്ലെന്ന ക്രിക്കറ്റിലെ വാദത്തെ വെല്ലുവിളിച്ചായിരുന്നു വെപ്രാളത്തോടെ പന്തെറിയുന്ന ഈ ഇടംകയ്യൻ പേസറുടെ വളർച്ച. 18 വർഷം നീണ്ട കരിയറിന്റെ പകുതി സമയവും ഇന്ത്യൻ ടീമിനു പുറത്തായിരുന്നു. അമിത പരിശീലനം സമ്മാനിച്ച പരുക്കുകൾ മൂലം 12 തവണയാണു ശസ്ത്രക്രിയയ്ക്കു വിധേയനായത്. ബലക്കുറവുള്ള ഈ ശരീരം ക്രിക്കറ്റിനു യോജിച്ചതല്ലെന്ന വിമർശനങ്ങളോട് നെഹ്റ ഇങ്ങനെ മറുപടി പറഞ്ഞു, ‘എനിക്കു ക്രിക്കറ്റല്ലാതെ മറ്റൊന്നുമറിയില്ല ആവുന്നത്ര കാലം ഞാനിതു തന്നെ ചെയ്യും’.

മുഹമ്മദ് അസ്ഹറുദ്ദീനു കീഴിൽ‌ 1998ലാണ് നെഹ്റ അരങ്ങേറ്റം കുറിച്ചത്. പ്രതിഭകളുടെ തിക്കും തിരക്കും, കളിക്കാർക്ക് അൽപായുസ്സ് സമ്മാനിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിന് എന്നും അദ്ഭുതമാണ് ഈ കരിയർ. ഇതുവരെ ഏഴു ഇന്ത്യൻ ക്യാപ്റ്റൻമാർക്കു കീഴിൽ‌ നെഹ്റ കളിക്കാനിറങ്ങി. 2005 മുതൽ നാലുവർഷവും 2011 മുതൽ‌ അഞ്ചുവർഷവും അവസരം കിട്ടാതെ പുറത്തിരുന്നു. 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 26 ട്വന്റി20യിലും ഇന്ത്യൻ ജഴ്സി അണിഞ്ഞു. ടെസ്റ്റിൽ 44, ഏകദിനത്തിൽ 157, ട്വന്റി20യിൽ 34 എന്നിങ്ങനെ വിക്കറ്റുനേട്ടങ്ങൾ.

2003 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ തോൽവിയാണു കരിയറിൽ ഏറ്റവും വേദനിപ്പിച്ചതെന്ന് നെഹ്റ അടുത്തിടെ പറഞ്ഞിരുന്നു. അതേ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെറും 23 റൺസ് വഴങ്ങി ആറു വിക്കറ്റു നേടിയ പ്രകടനത്തിലൂടെയാണ് നെഹ്റ ഇന്ത്യൻ ആരാധകരുടെ മനസ്സു കീഴടങ്ങിയത്. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ‌ അംഗമായിരുന്നെങ്കിലും പരുക്കുമൂലം ഫൈനൽ കളിക്കാനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook