കൊൽക്കത്ത: വിരമിച്ച ഇന്ത്യൻ പേസ് ബൗളർ ആശിഷ് നെഹ്റ വീണ്ടും അരങ്ങേറ്റം കുറിക്കുന്നു. കേട്ടിട്ട് അദ്ഭുതപ്പെട്ടോ? എന്നാൽ അറിഞ്ഞോളൂ, ക്രിക്കറ്റിൽ കമന്ററി ബോക്സിലാണ് താരം ആദ്യമായി അരങ്ങേറ്റം കുറിക്കാൻ പോകുന്നത്.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായും വിരമിച്ച 38 കാരനായ താരം ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തിന് കമന്റേറ്ററാകുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ അദ്ദേഹം കമന്ററി ബോക്സിലുണ്ടാകും.

ട്വിറ്റർ വഴി സ്റ്റാർ സ്പോർട്സ് ഇന്ത്യയാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. “ഇനി ആത് വഴിക്കാണ് നീങ്ങേണ്ടതെന്ന് ആശിഷ് നെഹ്റ തീരുമാനിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ കമന്ററി കാണാം സ്റ്റാർ സ്പോർട്സിൽ”, എന്നാണ് ട്വിറ്ററിൽ ടെലിവിഷൻ ചാനൽ വ്യക്തമാക്കിയിരിക്കുന്നത്.

മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗാവും ആശിഷ് നെഹ്റയ്ക്ക് കൂട്ടായി കമന്ററി ബോക്സിൽ ഉണ്ടാവുക. “തുടക്കം മുതൽ സുഹൃത്തുക്കളായ വീരേന്ദർ സെവാഗും ആശിഷ് നെഹ്റയും കമന്ററി ബോക്സിലും ഒരുമിച്ചെത്തുന്നു. ആര് നയിക്കുമെന്ന് നമുക്ക് നോക്കാം”, മറ്റൊരു ട്വീറ്റിൽ ടിവി ചാനൽ വിശദീകരിച്ചു.

കളിമൈതാനത്ത് മികച്ച കോമ്പിനേഷനാണ് ആശിഷ് നെഹ്റയും വീരേന്ദർ സെവാഗും തമ്മിലുള്ളത്. ആശിഷ് നെഹ്റയുടെ പന്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെടുത്ത താരമാണ് വീരേന്ദർ സെവാഗ്. ആശിഷ് നെഹ്റയ്ക്ക് മറ്റൊരു ഇന്ത്യൻ ഫീൽഡറേക്കാളും അധികം വിക്കറ്റുകൾ നേടാൻ സഹായിച്ചത് സെവാഗാണ്. 13 ക്യാച്ചുകളാണ് ആശിഷ് നെഹ്റയുടെ പന്തിൽ വീരേന്ദർ സെവാഗ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ