ഇന്ത്യൻ ക്യാപ്റ്റൻസിയിൽ കോഹ്ലിയുടെ അഭാവത്തിൽ തിളങ്ങുകയാണ് രോഹിത് ശർമ്മ. ഏഴാമത് ഏഷ്യ കപ്പിൽ കോഹ്ലിക്കു പകരം രോഹിതാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. രോഹിതിന്റെ ക്യാപ്റ്റൻസിയിൽ കിരീടം ചൂടിയാണ് ഇന്ത്യൻ ടീം മടങ്ങിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ടിട്വന്റി മത്സരങ്ങളിലും രോഹിതാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
കഴിഞ്ഞ രണ്ടു ടിട്വന്റി മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. ഇതോടെയാണ് രോഹിതിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ക്രിക്കറ്റ് ലോകം വീണ്ടും ചർച്ച ചെയ്തു തുടങ്ങിയത്. ക്യാപ്റ്റൻസിയിൽ തിളങ്ങിയതിനൊപ്പം ബാറ്റിങ്ങിലും മെച്ചപ്പെട്ട പ്രകടനമാണ് ഹിറ്റ്മാൻ പുറത്തെടുത്തത്. ലക്നൗവിൽ നടന്ന രണ്ടാമത് മത്സരത്തിൽ ടിട്വന്റിയിലെ തന്റെ നാലാമത്തെ സെഞ്ചുറിയാണ് രോഹിത് നേടിയത്.
രോഹിതിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുളള ചർച്ചകൾ ചൂടേറുമ്പോൾ ടിട്വന്റി ക്യാപ്റ്റൻസി വിരാട് കോഹ്ലിയുടെ കൈയ്യിൽ ഭദ്രമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. കോഹ്ലിക്കു പകരം ടിട്വന്റി ക്യാപ്റ്റൻ സ്ഥാനം രോഹിതിന് കൈമാറാൻ ടീം മാനേജ്മെന്റ് ധൃതി കാട്ടരുതെന്നാണ് നെഹ്റ പറയുന്നത്.
”ഈ സമയത്ത് കോഹ്ലിയിൽനിന്നും ക്യാപ്റ്റൻ സ്ഥാനം രോഹിതിന് നൽകേണ്ടതില്ല. മൂന്നു ഫോർമാറ്റിലും ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി മികച്ച പ്രകടനമാണ് നടത്തിയിട്ടുളളത്. കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയ്ക്ക് നിരവധി നേട്ടങ്ങളും നേടാനായിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിനെ നയിക്കാൻ വിരാട് ആണ് വേണ്ടത്,” നെഹ്റ ക്രിക്കറ്റ് നെക്സ്റ്റിനോട് സംസാരിക്കവേ പറഞ്ഞു.
”ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ കാര്യങ്ങൾ എങ്ങനെ മാറുമെന്ന് അറിയില്ല. കുറച്ചു കഴിയുമ്പോൾ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം മാത്രമേ തനിക്ക് വഹിക്കാനാവൂവെന്ന് ഒരുപക്ഷേ കോഹ്ലി പറഞ്ഞെന്നിരിക്കാം. പക്ഷേ ഈ ചോദ്യത്തിന് ഉത്തരം പറയാൻ ഞാനല്ല ശരിയായ വ്യക്തി. സെലക്ടർമാരാണ് അത് തീരുമാനിക്കേണ്ടത്,” നെഹ്റ പറഞ്ഞു.