പുനെ : നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ നേരിടുന്ന എഫ്‌സി പുനെ സിറ്റിയ്ക്ക് വേണ്ടി തിളങ്ങി മലപ്പുറത്തിന്‍റെ സ്വന്തം ആഷിഖ് കുരുണിയന്‍. മുന്നേറ്റനിരയില്‍ ഇടംപിടിച്ച ഇരുപതുകാരന്‍ തന്നെയാണ് ക്ലബ്ബിന്‍റെ അക്കൗണ്ട് തുറന്നത്.

ഇടതുവിങ്ങില്‍ നിന്നും തുടങ്ങിയ കൗണ്ടര്‍ അറ്റാക്ക് എട്ടാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളിയെ കവച്ചു വലയിലാക്കിക്കൊണ്ടാണ് ആഷിഖ് പൂനെയുടെ അക്രമത്തിന് തുടക്കമിട്ടത്. ഈ സീസണില്‍ ഡ്രാഫ്റ്റിനു വിട്ടുകൊടുക്കാതെ പൂനെ നിലനിര്‍ത്തിയ അണ്ടര്‍ 22 താരമാണ് ആഷിഖ് കുരുണിയന്‍. എന്തുകൊണ്ടാണ് ആഷിഖിനെ നിലനിര്‍ത്തിയത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് ആശിഖ് കാഴ്ചവെച്ച പ്രകടനം.


ഈ സീസണില്‍ മൂന്ന് കളികളിലാണ് ആഷിഖ് പൂനെയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞത്‌. മികച്ച പാസിങ്ങും ഇന്‍റര്‍സെപ്ഷനുകളും പന്തിനുമേലുള്ള നിയന്ത്രണവുമാണ് ആശിഖിനെ മികവുറ്റതാരമാക്കുന്നത്. പൂനെ സിറ്റി എഫ്സി അക്കാദമിയുടെ കണ്ടെത്തല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ആഷിഖ് സ്പെയിനില്‍ ലാ ലിഗ ക്ലബ്ബായ വില്ലാറിയാലിന്‍റെ ടീമിലും പരിശീലിച്ചിട്ടുണ്ട്.

സാങ്കേതിക തികവാണ്‌ ആഷിഖിന്‍റെ എടുത്തുപറയേണ്ട മികവ്. പന്ത് നിയന്ത്രിക്കുന്നതോടൊപ്പം മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിലും മിടുക്കനായ ഈ മലപ്പുറംകാരന്‍ കേരളാ ഫുട്ബാളിന്‍റെ ഭാവിയാണ്. അടക്കത്തോടെ പന്തുമായി മുന്നേറുന്ന ആഷിഖിന് മികച്ച ത്രൂകളും ക്രോസുകളും ഒരുക്കുന്നതോടൊപ്പം ഗോളുകള്‍ കണ്ടെത്തുവാനും കഴിയും. വരും മത്സരങ്ങളിലും ആദ്യ പതിനൊന്നില്‍ വേണ്ടി ആഷിഖിന് അവസരം ലഭിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

ബ്രസീലിയന്‍ താരം മാര്‍സിലീഞ്ഞോ ഹാട്രിക് നേടിയ കളിയില്‍ 5-0 എന്ന സ്കോറില്‍ പൂനെ ജയിച്ചു. ആദില്‍ ഖാന്‍ ആണ് ഗോള്‍ നേടിയ മറ്റൊരു താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ