ഓവൽ: ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് മുതൽ. ഓവലിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുന്നത്. നേരത്തെ ആഷസ് ട്രോഫി നഷ്ടമായ ഇംഗ്ലണ്ട് സമനിലയിൽ പരമ്പര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. അതേസമയം ഓസ്ട്രേലിയയാകട്ടെ പരമ്പര നേട്ടം തന്നെയാണ് ലക്ഷ്യമിടുന്നത്. പരമ്പരയിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ.

ഏകദിന ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ നിറംമങ്ങുകയായിരുന്നു. സ്ഥിരത നിലനിർത്താൻ താരങ്ങൾ പരാജയപ്പെട്ടതോടെ പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമേ ഇംഗ്ലണ്ടിന് ജയിക്കാൻ സാധിച്ചുള്ളൂ. അതും ബെൻ സ്റ്റോക്സിന്റെ ഓൾറൗണ്ട് മികവിൽ.

Also Read: മാഞ്ചസ്റ്ററും ഓസീസിന്; ഇംഗ്ലണ്ട് മണ്ണില്‍ ആഷസ് നേടുന്നത് 18 വര്‍ഷത്തിന് ശേഷം

മികച്ച ഫോമിലുള്ള സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ പ്രധാന കരുത്ത്. അഞ്ച് ഇന്നിങ്സുകളിൽ നിന്നായി മൂന്ന് സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും തികച്ച സ്മിത്ത് അടിച്ച് കൂട്ടിയത് 671 റൺസാണ്. ബോളിങ്ങിൽ പാറ്റ് കമ്മിൻസിലും ജോഷ് ഹെയ്സൽവുഡിലുമാണ് ഓസ്ട്രേലിയ വിശ്വാസമർപ്പിക്കുന്നത്. മിച്ചൽ മാർഷ് ഓസ്ട്രേലിയൻ സ്ക്വാഡിൽ മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും അന്തിമ ഇലവനിൽ സ്ഥാനം പിടിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

മറുവശത്ത് ഇംഗ്ലണ്ടിന്രെ പ്രധാന വെല്ലുവിളി ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ പരുക്കാണ്. ചുമലിന് പരുക്കേറ്റ ബെൻ സ്റ്റോക്‌സ് ടീമിലുണ്ടെങ്കിലും കളിക്കുമോയെന്ന് ഉറപ്പില്ല. ജയിംസ് ആൻഡേഴ്‌സനും പരുക്കേറ്റ് പിന്മാറിയിട്ടുണ്ട്. സ്റ്റോക്‌സ് പുറത്തിരുന്നാൽ സാം കറനോ ക്രിസ് വോക്സിനോ അവസരം കിട്ടും. ഓപ്പണർ ജെയ്സൺ റോയിയെ അവസാന ടെസ്റ്റിൽ നിന്ന് ഇംഗ്ലണ്ട് ഒഴിവാക്കിയിട്ടുണ്ട്.

Also Read: യൂണിവേഴ്സൽ ബോസ്; ടി20 ക്രിക്കറ്റിൽ 22-ാം സെഞ്ചുറി തികച്ച് ക്രിസ് ഗെയ്ൽ

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 185 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് ആഷസ് കീരിടം നിലനിര്‍ത്തിയത്. 2001ന് ശേഷം ഇംഗ്ലീഷ് മണ്ണിൽ ആദ്യമായാണ് ഓസ്ട്രേലിയ ആഷസ് ട്രോഫി സ്വന്തമാക്കുന്നത്. 383 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 197 റണ്‍സിന് പുറത്താകുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഇരട്ടസെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ അർധ സെഞ്ചുറിയും നേടിയ സ്റ്റീവ് സ്മിത്ത് ആണ് കളിയിലെ കേമന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook