നൂറ്റാണ്ടിന്റെ ചരിത്രവും പകയും വീര്യവുമെല്ലാം ഒത്തുചേരുന്നതാണ് ആഷസ് ടെസ്റ്റ് പരമ്പര. രാജ്യാന്തര ക്രിക്കറ്റിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും വീണ്ടും നേർക്കുനേർ എത്തുകയാണ്. ഏറെ ശ്രദ്ധിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതുമായ ആഷസ് ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് ഒന്നു മുതലാണ് തുടക്കമാകുന്നത്. ഇത്തവണ ഇംഗ്ലണ്ടാണ് ആഷസിന് വേദിയാകുന്നത്.

കൃത്യമായി പറഞ്ഞാൽ 137 വർഷം മുമ്പ് 1882ലാണ് ആഷസ് ടെസ്റ്റ് പരമ്പരയുടെ തുടക്കം. ആഷസിന്റെ 71-ാം പതിപ്പിനാണ് ഇംഗ്ലണ്ട് ഇത്തവണ വേദിയാകുന്നത്. 70 പരമ്പരകളിലായി 346 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. വിജയശരാശരിയിൽ മുന്നിൽ ഓസ്ട്രേലിയ തന്നെ 144 മത്സരങ്ങളിൽ ഓസ്ട്രേലിയ ജയിച്ചപ്പോൾ 108 മത്സരങ്ങളിലാണ് ഇംഗ്ലണ്ട് ജയം അറിഞ്ഞത്. 94 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു. 33 തവണ കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ടിന്റെ ഷെൽഫിലേക്ക് ആഷസ് എത്തിയത് 32 തവണയാണ്.

പരമ്പര വിജയത്തിനപ്പുറം അഭിമാനത്തിന്റെ പോരാട്ടമാണ് ഇരു ടീമുകൾക്കും ആഷസ്. ലളിതമായി പറഞ്ഞാൽ ഒരു ചെറുചാരകപ്പിന് വേണ്ടിയാണ്. എന്നാൽ ആ ചാരകപ്പിന് ഇംഗ്ലീഷ് ക്രിക്കറ്റ് തന്നെയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതിന് പിന്നിൽ ഒരു കഥയുണ്ട്.

1882 ൽ ഓവലിൽ നടന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ആദ്യമായി ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. ഇതിന് പിന്നാലെ “ദ സ്പോർട്ടിങ്ങ് ടൈംസ്” എന്ന പത്രത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും, ശരീരം ദഹിപ്പിച്ചതിനു ശേഷം ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു പരിഹാസം. എന്നാൽ 1882 ഡിസംബറിൽ മെൽബൺ ടെസ്റ്റ് സീരീസിൽ ആസ്ട്രേലിയെ 2-1 ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ഇതിൽ ആവേശരായ ചില ഇംഗ്ലീഷ് വനിതകൾ മൂന്നാം ടെസ്റ്റിൽ ഉപയോഗിച്ച ബെയിൽസ് കത്തിച്ച് ഒരു ചെപ്പിലടച്ച് ഇംഗ്ലീഷ് നായകന് നൽകി.

A

പിന്നീടത് ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള ട്രോഫികളിൽ ഒന്നായി മാറി. ലോകകപ്പ് പോലെ തന്നെ പ്രധാനമാണ് ഇരു ടീമുകൾക്കും ആഷസും. രാജ്യാന്തര ക്രിക്കറ്റിലെ വാശിയേറിയ പല മത്സരങ്ങളും രസ്കരമായ പല സംഭവങ്ങളും അരങ്ങേറിയത് ആഷസ് പരമ്പരയിലായിരുന്നു.

രണ്ട് വർഷത്തിലൊരിക്കലാണ് ഇപ്പോൾ ആഷസ് നടക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്നതാണ് ആഷസ് ടെസ്റ്റ് പരമ്പര. ഒരു തവണ ഇംഗ്ലണ്ടിലാണ് മത്സരമെങ്കിൽ അടുത്ത തവണ ഓസ്ട്രേലിയയിലാവും മത്സരം. ഒരോ തവണയും മത്സര പരമ്പര ജയിക്കുന്ന രാജ്യത്തിന്റെ കൈയ്യിലാവും ആഷസ്, അടുത്ത തവണ ആഷസ് സ്വന്തമാക്കണമെങ്കിൽ പരാജയപ്പെട്ട രാജ്യം കപ്പ് കൈയ്യിലിരിക്കുന്ന രാജ്യം ജയിച്ചതിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കേണ്ടിവരും. ടെസ്റ്റ് പരമ്പര സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ നിലവിലുള്ള ജേതാക്കൾ ആഷസ് നിലനിർത്തും.

ഓസ്ട്രേലിയയുടെ പക്കലാണ് ഇപ്പോൾ ആഷസ്. 2017-2018 പരമ്പരയിൽ സ്വന്തം തട്ടകത്തിൽ 4-0നാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ നാല് തവണയും ആതിഥേയത്വം വഹിക്കുന്ന ടീമാണ് പരമ്പര സ്വന്തമാക്കിയിട്ടുള്ളത്. ഇത്തവണയും ഇംഗ്ലണ്ടിനാണ് കിരീട സാധ്യത കൽപ്പിക്കുന്നതെങ്കിലും ഓസ്ട്രേലിയയും ഒട്ടും പിന്നിലല്ല.

Also Read: ഇനി വെള്ളക്കുപ്പായത്തിലെ ലോകകപ്പ്; 27 പരമ്പരകളും 71 ടെസ്റ്റുകളുമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്

ഓഗസ്റ്റ് ഒന്നിനാണ് ആഷസിലെ ആദ്യ മത്സരം. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുന്ന ഐതിഹാസിക ആഷസ് പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് രണ്ട് വര്‍ഷം കൊണ്ടായിരിക്കും തീരുക. ഇതിനിടെ ഒമ്പത് ടീമുകള്‍ 27 പരമ്പരകളില്‍ നിന്നുമായി 71 മത്സരങ്ങള്‍ കളിക്കും. അതേസമയം സാധാരണയായി നടക്കുന്ന ടെസ്റ്റ് പരമ്പരകളുടെ സ്വാഭാവത്തില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. മത്സരങ്ങള്‍ ബൈലാറ്ററല്‍ പരമ്പരകളായായിരിക്കും നടക്കുക. ഓരോ മത്സരത്തിലേയും പോയന്റുകള്‍ കൂട്ടിയായിരിക്കും അന്തിമ വിജയിയെ കണ്ടെത്തുക. പോയന്റ് പട്ടികയില്‍ മുകളിലുള്ള രണ്ട് ടീമുകള്‍ തന്മിലായിരിക്കും 2021 ജൂണില്‍ നടക്കുന്ന ഫൈനല്‍ മത്സരം. ഇംഗ്ലണ്ടിലായിരിക്കും ഫൈനല്‍ അരങ്ങേറുക.

ഏകദിന ലോകകപ്പ് നേട്ടത്തിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. അയലണ്ടിനെതിരായ തകർപ്പൻ ജയവും ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ബോളിങ്ങിന്റെ കരുത്തുമായി തന്നെയാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയ നേരിടാനെത്തുന്നത്. ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ്, എന്നിവരാണ് ബോളിങ്ങിൽ ഇംഗ്ലണ്ടിന്റെ കുന്തമുനകൾ. പരിചയസമ്പത്തുമായി സ്റ്റുവർട്ട് ബ്രോഡ് കൂടി എത്തുന്നതോടെ ഇംഗ്ലണ്ടിന്റെ ബോളിങ് നിരയെ നേരിടുക അത്ര എളുപ്പമാകില്ല. ബാറ്റിങ്ങിൽ ജോ റൂട്ടിൽ തന്നെയാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഒപ്പം ജോസ് ബട്‌ലർ, ജോണി ബെയർസ്റ്റോ എന്നീ താരങ്ങളും എത്തുന്നതോടെ ടീം ശക്തമാകും.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കില്‍ കുടുങ്ങിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരൊക്കെ തിരിച്ചെത്തിയതോടെ ഓസീസ് ശക്തമായ ടീമായി. പരിക്കില്‍ നിന്ന് മോചിതരായ ഉസ്മാന്‍ ഖവാജയും ജെയിംസ് പാട്ടിന്‍സണും തിരിച്ചെത്തി. ഏകദിന ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് ആഷസ് പരമ്പ നേട്ടത്തോടെ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ഓസിസ്.

ആഷസ് 2019 മത്സരക്രമം

ഒന്നാം ടെസ്റ്റ് – ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 5 – എഡ്ഗ്ബാസ്റ്റൺ, ബെർമിങ്ഹാം

രണ്ടാം ടെസ്റ്റ് – ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 18 – ലോർഡ്സ്, ലണ്ടൻ

മൂന്നാം ടെസ്റ്റ് – ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 26 – ഹെഡിങ്‌ലി, ലീഡ്സ്

നാലാം ടെസ്റ്റ് – സെപ്റ്റംബർ 04 മുതൽ സെപ്റ്റംബർ 08 – ഓൾഡ് ട്രഫോർഡ്, മഞ്ചസ്റ്റർ

അഞ്ചാം ടെസ്റ്റ് – സെപ്റ്റംബർ 12 മുതൽ സെപ്റ്റംബർ 16 – ഓവൽ, ലണ്ടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook