ഓവൽ: ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ്. തുടക്കത്തിലെ മുന്നേറ്റത്തിന് ശേഷം തകർച്ചയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിന് തുണയായത് ജോസ് ബട്‌ലറുടെ ഇന്നിങ്സാണ്. മിച്ചൽ മാർഷ് നാല് വിക്കറ്റുകൾ വീഴ്ത്തി ഓസിസ് ബോളർമാരിൽ തിളങ്ങി.

ടോസ് നേടിയ ഓസിസ് നായകൻ ടിം പെയ്ൻ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീം സ്കോർ 27ൽ നിൽക്കെ ഓപ്പണർ ജോ ഡെൻലി മടങ്ങിയെങ്കിലും റോറി ബേൻസും നായകൻ ജോ റൂട്ടും ചേർന്ന് ഇംഗ്ലീഷ് സ്കോർബോർഡ് ഉയർത്തി. അർധസെഞ്ചുറിക്ക് മൂന്ന് റൺസകലെ റോറി ബേൺസ് വീണു. എന്നാൽ ടീം സ്കോർ അന്നേരം മൂന്നക്കം കടന്നിരുന്നു. പിന്നാലെ എത്തിയ ബെൻ സ്റ്റോക്സിനും ജോണി ബെയർസ്റ്റോയ്ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 57 റൺസുമായി ജോ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് തകർച്ച മുന്നിൽ കണ്ടു.

Also Read: ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയെ കുറിച്ച് സാക്ഷിക്കും പറയാനുണ്ട്

എന്നാൽ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ജോസ്‌ ബട്‌ലർ അതിവേഗം ടീം സ്കോർ ഉയർത്തി. ഇതിനിടയിൽ സാം കറൺ 15 റൺസിനും ക്രിസ് വോക്സ്, ജോഫ്രാ ആർച്ചർ എന്നിവർ രണ്ടക്കം പോലും കടക്കാതെയും പുറത്തായി. ഒന്നാം ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ 64 റൺസുമായി ജോസ് ബട്‌ലറും പത്ത് റൺസ് നേടിയ ജാക്ക് ലീച്ചുമാണ് ക്രീസിൽ.

ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ മാർഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും അവസാന അങ്കത്തിന് ഇറങ്ങിയത്. ഹെഡ്ഡിന് പകരം മിച്ചൽ മാർഷും മിച്ചൽ സ്റ്റാർക്കിന് പകരം പീറ്റർ സിഡിലും ഓസിസ് ടീമിലെത്തിയപ്പോൾ പരമ്പരയില്‍ മോശം ഫോമിലുള്ള ജേസണ്‍ റോയിയേയും ക്രെയ്ഗ് ഓവര്‍ട്ടണെയും ഒഴിവാക്കിയ ഇംഗ്ലണ്ട് സാം കറന്‍, ക്രിസ് വോക്സ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.

നേരത്തെ ആഷസ് ട്രോഫി നഷ്ടമായ ഇംഗ്ലണ്ട് സമനിലയിൽ പരമ്പര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. അതേസമയം ഓസ്ട്രേലിയയാകട്ടെ പരമ്പര നേട്ടം തന്നെയാണ് ലക്ഷ്യമിടുന്നത്. പരമ്പരയിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ.

Also Read: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാൻ ഗിൽ ടീമിൽ, രോഹിത് ഓപ്പണർ

ഏകദിന ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ നിറംമങ്ങുകയായിരുന്നു. സ്ഥിരത നിലനിർത്താൻ താരങ്ങൾ പരാജയപ്പെട്ടതോടെ പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമേ ഇംഗ്ലണ്ടിന് ജയിക്കാൻ സാധിച്ചുള്ളൂ. മികച്ച ഫോമിലുള്ള സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ പ്രധാന കരുത്ത്. അഞ്ച് ഇന്നിങ്സുകളിൽ നിന്നായി മൂന്ന് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും തികച്ച സ്മിത്ത് അടിച്ച് കൂട്ടിയത് 671 റൺസാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook