ബ്രിസ്ബെയ്ൻ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് അനായാസ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 20 റണ്‍സ് വിജയലക്ഷ്യം ഓസിസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 220-2 എന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ട് 297 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ നഥാന്‍ ലിയോണാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തത്.
നാലാം ദിനം മൂന്ന് റണ്‍സ് ചേര്‍ത്തപ്പോള്‍ ഡേവിഡ് മലനെ ഇംഗ്ലണ്ടിന് നഷ്ടമായി. 195 പന്തുകളില്‍ നിന്ന് 82 റണ്‍സ് നേടിയാണ് മലന്‍ മടങ്ങിയത്. പത്ത് ഫോറുകളും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. തൊട്ടുപിന്നാലെ നായകന്‍ ജോ റൂട്ടിനെ കാമറൂണ്‍ ഗ്രീന്‍ പുറത്താക്കി. 89 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 165 പന്ത് നേരിട്ട് റൂട്ട് പത്ത് ഫോറുകളും നേടി.
പിന്നാലെയെത്തിയ ഒരു ബാറ്റര്‍ക്ക് പോലും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. ബെന്‍ സ്റ്റോക്സ് (14), ഒലി പോപ് (4), ജോസ് ബട്ലര്‍ (23), ക്രിസ് വോക്സ് (16), ഒലി റോബിന്‍സണ്‍ (8), മാര്‍ക്ക് വുഡ് (6) എന്നിവര്‍ ഓസിസ് ബോളര്‍മാര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. 77 റണ്‍സിനിടെ ഇംഗ്ലണ്ടിന് നഷ്ടമായത് എട്ട് വിക്കറ്റുകള്‍.
നാല് വിക്കറ്റ് നേടിയ ലിയോണാണ് ഓസിസ് ബോളിങ് നിരയില്‍ തിളങ്ങിയത്. താരത്തിന് പുറമെ പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും രണ്ട് വിക്കറ്റ് വീതം നേടി. ജോഷ് ഹെയ്സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റും സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 147 പുറത്തായപ്പോള്‍ ഓസിസ് 425 റണ്‍സാണ് നേടിയത്. 278 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഓസിസ് സ്വന്തമാക്കിയത്.
Also Read: ടി20 നായകസ്ഥാനം ഒഴിയരുതെന്ന് വിരാട് കോഹ്‌ലിയോട് അഭ്യർത്ഥിച്ചിരുന്നു: സൗരവ് ഗാംഗുലി