ബ്രിസ്ബണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ആധിപത്യം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 147 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 343-7 എന്ന നിലയിലാണ്. 196 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയക്കുള്ളത്. ട്രാവിസ് ഹെഡ് (112), മിച്ചല്‍ സ്റ്റാര്‍ക്ക് (10) എന്നിവരാണ് ക്രീസില്‍.
ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ബാറ്റിങ്നിരയുടെ നേര് വിപരീതമായിരുന്നു ഓസ്ട്രേലിയയുടെ പ്രകടനം. സ്കോര്‍ പത്തില്‍ നില്കെ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ പുറത്താക്കി റോബിന്‍സണ്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെത്തിയ മാര്‍നസ് ലെബുഷെയിനിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ ഓസ്ട്രേലിയന്‍ ഇന്നിങ്സിന് കരുത്തു പകര്‍ന്നു.
156 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 74 റണ്‍സെടുത്ത ലെബുഷെയിനിനെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്. 117 പന്തുകള്‍ നേരിട്ട താരം ആറ് ഫോറുകളും രണ്ട് സിക്സറുകളും നേടി. പിന്നീടെത്തിയ ഉപനായകന്‍ സ്റ്റീവ് സ്മിത്തിന് കാര്യമായ സംഭാവന നല്‍കാനായില്ല. 12 റണ്‍സെടുത്ത താരത്തെ മാര്‍ക്ക് വുഡാണ് പുറത്താക്കിയത്.
ചയക്ക് ശേഷമുള്ള ആദ്യ ഓവറുകളില്‍ തന്നെ റോബിന്‍സണ്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 94 റണ്‍സെടുത്ത വാര്‍ണറാണ് ആദ്യം പുറത്തായത്. സ്റ്റോക്സിന് ക്യാച്ച് നല്‍കിയായിരുന്നു വാര്‍ണര്‍ മടങ്ങിയത്. 11 ഫോറുകളും രണ്ട് സിക്സും ഉള്‍പ്പെട്ടും ഇടം കൈയന്‍ ബാറ്ററുടെ ഇന്നിങ്സില്‍. പിന്നാലെ റണ്ണൊന്നുമെടുക്കാതെ കാമറൂണ്‍ ഗ്രീനും മടങ്ങി.
എന്നാല്‍ പിന്നീട് ഗാബയില്‍ കണ്ടത് ട്രാവിസ് ഹെഡിന്റെ ആക്രമണ ബാറ്റിങ്ങായിരുന്നു. ഏകദിനത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു താരം ബാറ്റ് വീശിയത്. 85 പന്തില്‍ സെഞ്ചുറി തികച്ചു. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 95 പന്തില്‍ 112 റണ്‍സാണ് ഹെഡിന്റെ സമ്പാധ്യം. 12 ഫോറും രണ്ട് സിക്സുമാണ് ഹെഡ് അടിച്ചു കൂട്ടിയത്.
നായകന് പാറ്റ് കമ്മിന്‍സിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 147 റണ്‍സിലൊതുക്കാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്. കമ്മിന്‍സിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും രണ്ട് വിക്കറ്റ് വീതം നേടി. 39 റണ്‍സെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ട് നിരയില്‍ നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
Also Read: Ashes 2021: ഗാബയില്‍ ഇംഗ്ലണ്ടിനെ 147 റണ്‍സിലൊതുക്കി ഓസ്ട്രേലിയ; കമ്മിന്‍സിന് അഞ്ച് വിക്കറ്റ്