എഡ്ജ്ബാറ്റ്‌സന്‍: നഥാന്‍ ലിയോണിന്റെ സ്പിന്‍ മാന്ത്രികതയ്ക്ക് മുന്നില്‍ കറങ്ങി വീണ് ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്‌സില്‍ 146 റണ്‍സിന് പുറത്തായതോടെ ഇംഗ്ലണ്ടിന് 251 റണ്‍സിന്റെ പരാജയം. ഇതോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി.
ആഷസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പിന്തുടര്‍ന്ന് നേടുന്ന വിജയം മുന്നില്‍ കണ്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ റോറി ബേണ്‍സിനെ തുടക്കത്തില്‍ തന്നെ നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 11 റണ്‍സാണ് ബേണ്‍സ് എടുത്തത്. 398 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.
ബേണ്‍സ് പുറത്തായെങ്കിലും ജെയ്‌സന്‍ റോയി നിലയുറപ്പിച്ചത് ഇംഗ്ലണ്ടിന് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ 28 റണ്‍സെടുത്തു നില്‍ക്കെ റോയി പുറത്തായി. തൊട്ടു പിന്നാലെ ജോ ഡെന്‍ലിയും നായകന്‍ ജോ റൂട്ടും പുറത്തായി. റൂട്ട് 28 റണ്‍സാണെടുത്തത്. ലഞ്ചിന് മുമ്പേ ഇംഗ്ലണ്ടിന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി.
മടങ്ങി വന്നപ്പോഴും ഇംഗ്ലണ്ടിന് തിരിച്ചു വരാനായില്ല. മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. വാലറ്റത്തെ ലിയോണ്‍ കറക്കി വീഴ്ത്തി. 45 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് ലിയോണ്‍ നേടിയത്. 18 വര്‍ഷത്തിന് ശേഷം എഡ്ജ്ബാസ്റ്റണില്‍ ഓസ്‌ട്രേലിയ ജയിക്കുന്നത്. ഇന്നത്തെ മത്സരത്തിലൂടെ ലിയോണ്‍ 350 ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും മറി കടന്നു.
ക്രിസ് വോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. 37 റണ്‍സാണ് വോക്‌സ് നേടിയത്. 2005 ന് ശേഷം ഇതാദ്യമായാണ് ആഷസ് പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിക്കുന്നത്. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ സ്മിത്ത് 142 റണ്‍സും മാത്യു വെയ്ഡ് 110 റണ്‍സും നേടി.