ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് തകർന്നടിഞ്ഞിരിക്കുകയാണ്. ഓസ്ട്രേലിയോട് 215 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ രണ്ടാം ടെസ്റ്റിലും പരാജയ ഭീഷണി നേരിടുകയാണ്. എന്നാൽ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് നൈഥൻ ലിയോൺ എടുത്ത ഒരു ക്യാച്ചാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്.
ഇംഗ്ലീഷ് ബാറ്റ്സ്മാൻ മൊയീൻ അലിയെ സ്വന്തം ബോളിൽ പിടിച്ചാണ് നൈഥൻ ലിയോൺ പുറത്താക്കിയത്. ലിയോണിന്രെ പന്ത് ലെഗ്സൈഡിലേക്ക് തട്ടിയിടാൻ മൊയീൻ അലി നടത്തിയ ശ്രമം ബാറ്റിന്രെ എഡ്ജിൽ തട്ടി ലിയോണിന്റെ നേർക്ക് എത്തി. തന്രെ ഇടത് വശത്തേക്ക് വന്ന പന്ത് മുഴുനീളെയുള്ള ഒരു ഡൈവിലൂടെയാണ് ലിയോൺ കൈപ്പിടിയിൽ ഒതുക്കിയത്.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നാണ് ലിയോൺ സ്വന്തമാക്കിയതെന്ന് കമന്ററേറ്റർമാർ അഭിപ്രായപ്പെട്ടു. സൂപ്പർമാന്റെ മെയ്‌വഴക്കത്തോടെയാണ് ലിയോൺ പന്ത് കൈപ്പിടിയിൽ ഒതുക്കിയതെന്ന് മൈക്കൽ സ്ളേറ്റർ പറഞ്ഞു.
A flying GOAT! https://t.co/MboRNr0wWd #Ashes pic.twitter.com/smntfBTsGc
— cricket.com.au (@CricketAus) December 4, 2017
ആദ്യ ഇന്നിങ്സിൽ 442 റൺസാണ് ഓസ്ട്രേലിയ എടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 227 റൺസിന് പുറത്താവുകയായിരുന്നു. 41 റൺസ് എടുത്ത വാലറ്റക്കാരൻ ഓവർട്ടണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 215 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഉണ്ടായിട്ടും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ഫോളോഓൺ ചെയ്യിപ്പിച്ചില്ല.